X

തീ നിയന്ത്രണ വിധേയം; 400 കോടിയുടെ നഷ്ടം, അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയിലുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയം. ഏഴു മണിക്കൂര്‍ നീണ്ട തീപിടിത്തത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ആളാപായം സംഭവിച്ചിട്ടില്ല. വിഷപുക ശ്വസിച്ച് ബോധരഹിതരായ രണ്ടു പേരെ ആസ്പ്ത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു പുലര്‍ച്ചയോടെയാണ് തീ നിയന്ത്രണ വിധേയമായത്. കൂടുതല്‍ കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനായത് വന്‍ അപകടം ഒഴിവായി. 400 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഇന്നലെ രാത്രി 7.15ഓടെയാണ് കാര്യവട്ടത്തിന് സമീപത്തെ ഫാക്ടറിയില്‍ അഗ്നിബാധയുണ്ടായത്. ജീവനക്കാര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് 7.45ഓടെ ഫയര്‍ ഫോഴ്‌സ് എത്തിയപ്പോഴേക്കും തീ നിയന്ത്രണാതീതമായിരുന്നു. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്നുള്ള 45 ഫയര്‍ യൂണിറ്റുകളെത്തി തീ അണക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഫലം വിജയം കാണാത്തതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് രണ്ട് പാംപര്‍ ഫയര്‍ എഞ്ചിനുകളുമെത്തി.

പ്ലാസ്റ്റിക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പെട്രോളിയം ഉല്‍പ്പന്നമായ അസംസ്‌കൃത വസ്തുക്കളിലേക്ക് തീ പടര്‍ന്നതാണ് അപകടത്തിന്റെ വ്യാപ്ത വര്‍ധിപ്പിച്ചത്. തീ പിടിച്ച രണ്ട് കെട്ടിടങ്ങള്‍ക്കു സമീപം സൂക്ഷിച്ചിരുന്ന ഏഴായിരത്തോളം ലിറ്റര്‍ ഡീസല്‍ അടിയന്തരമായി മാറ്റാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം നല്‍കി.

മൂന്നാമത്തെ കെട്ടിടത്തില്‍ നിറയെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ അടുക്കിയിരുന്ന ഗോഡൗണിലേക്ക് തീ കടക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഫയര്‍ ലൈന്‍ സൃഷ്ടിച്ചതോടെ വന്‍ അപകടം ഒഴിവായി. സമീപത്തെ വീടുകളില്‍ നിന്നും പൊലീസ് ആളുകളെ ഒന്നാകെ ഒഴിപ്പിച്ചു. സംഭവസ്ഥലത്തേക്കുള്ള വഴി തടകയും വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ.ചന്ദ്രശേഖരന്‍, ഫയര്‍ഫോഴ്‌സ് മേധാവി ഡിജിപി എ.ഹേമചന്ദ്രന്‍, ജില്ലാ കലക്ടര്‍ കെ.വാസുകി തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി

chandrika: