ലോഡ്ജില്‍ യുവതിയെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയുടെ മൊഴിയുടെ വിവരങ്ങള്‍ പുറത്ത്. തന്റെ കുടുംബജീവിതത്തിന് തടസം നിന്നതിനാലാണ് കൊല നടത്തിയതെന്നാണ് പ്രതിയായ സതീഷ് ഭാസ്‌കറിന്റെ മൊഴി.ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം.
കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയില്‍ ബ്യൂട്ടീഷ്യനായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച നാലു മണിയോടെയാണ് നഗരത്തെ നടുക്കിയ കൊലപാതകം. ഉദുമ ബാര മുക്കുന്നോത്തെ പരേതനായ ബാലകൃഷ്ണന്റെയും പ്രേമയുടെയും മകള്‍ ദേവിക(36) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബോവിക്കാനം അമ്മംകോട് ഭാസ്‌കരന്‍ ചെട്ടിയാറിന്റെ മകനും കാഞ്ഞങ്ങാട്ടെ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനുമായ സതീഷ് ഭാസ്‌കരനെ ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു.
കൊലനടത്തിയ ശേഷം സതീഷ് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ലോഡ്ജ് മുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പുതിയകോട്ടയിലെ ലോഡ്ജിലാണ് സംഭവം. കൊല്ലപ്പെട്ട ദേവികയും സതീഷും അടുപ്പത്തിലായിരുന്നു. ഇത് കുടുംബ പ്രശ്ന ത്തിലേക്കെത്തിയിരുന്നു. ദേവികക്കെതിരെ സതീഷിന്റെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് മേല്‍പറമ്പ് പൊലീസില്‍ ഇരുവിഭാഗക്കാരെയും വിളിച്ച് സംസാരിച്ചിരുന്നു. ഒരാഴ്ചയായി വീട്ടില്‍നിന്നു മാറി നിന്നിരുന്ന സതീഷ് ലോഡ്ജിലാണ് താമസിച്ചുവന്നിരുന്നത്. ഇന്നലെ ബ്യൂട്ടീഷ്യന്‍മാരുടെ സംഘടനയുടെ സമ്മേളനം നടക്കുന്നതിനാല്‍ ദേവിക കാഞ്ഞങ്ങാട് വന്നിരുന്നു. ഉച്ചയോടെ ദേവികയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് കടുംകൈ ചെയ്തതെന്നാണ് വിവരം. ദേവിക കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിവരികയായിരുന്നു. ഭര്‍ത്താവ്: കണ്ണൂര്‍ ചെറുപുഴ സ്വദേശി രാജേഷ്. രണ്ട് മക്കളുണ്ട്. സഹോദരന്‍: ദിലീപ്.