X

സ്വത്തിന്റെ പേരില്‍ കുടുംബവഴക്ക് വര്‍ധിക്കുന്നു: വനിതാ കമ്മീഷന്‍


കോഴിക്കോട്: ജില്ലയില്‍ സ്വത്തിന്റെ പേരില്‍ വൃദ്ധരായ മാതാപിതാക്കളെയും സഹോദരങ്ങളെയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും തെരുവിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. ഭര്‍ത്താവ് മരിച്ച സ്ത്രീ ഇതുമായി ബന്ധപ്പെട്ട പരാതിയുമായി കമ്മീഷനെ സമീപിച്ചിരുന്നു. ഭര്‍ത്താവ് മരിച്ച് ഏതാനും ദിവസം കഴിഞ്ഞതോടെ മക്കള്‍ സ്വത്ത് വീതം വെക്കാന്‍ ശ്രമം തുടങ്ങി. വൃദ്ധയായ മാതാവിനെ തീര്‍ത്തും അവഗണിക്കുകയാണ് മക്കള്‍ ചെയ്തത്. മകളാണ് ഇതിന് നേതൃത്വം നല്‍കിയത്. 80 ശതമാനം ഭിന്നശേഷിക്കാരനായ സഹോദരനെതിരെയും ക്രിമിനല്‍ കേസ് കൊടുക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഫറോക്ക് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഉചിതമായ നടപടി പൊലീസില്‍ നിന്ന് ഉണ്ടായിട്ടില്ല. പൊലീസിന്റെ സമീപനം ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ല. പരാതി ഉന്നയിക്കപ്പെട്ടവരെ വനിതാ കമ്മീഷന്‍ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്താന്‍ തീരുമാനിച്ചതായും ജോസഫൈന്‍ പറഞ്ഞു.
ഫറേക്ക് പൊലീസ് സ്റ്റേഷനെതിരെ ഒന്നില്‍ കൂടുതല്‍ പരാതികള്‍ കിട്ടിയിട്ടുണ്ട്. ഇത് ഗൗരവമുള്ള വിഷയമാണെന്നും പൊലീസിനെ തിരുത്തുമെന്നും അവര്‍ പറഞ്ഞു. പൈതൃകമായി കിട്ടിയ സ്വത്ത് ഉപയോഗിക്കുന്നതില്‍ നിന്ന് ക്ഷേത്രകമ്മിറ്റിക്കാര്‍ സ്ത്രീയെ തടയുന്നതുമായി ബന്ധപ്പെട്ട പരാതിയും കമ്മീഷന്റെ മുന്നിലെത്തി. കിഴക്കോത്ത് പഞ്ചായത്തിലാണ് സംഭവം. പൈതൃകസ്വത്തായി കിട്ടിയ സ്ഥലത്ത് ഒരു പ്രതിഷ്ഠ കണ്ടെത്തിയതിനെതുടര്‍ന്നാണ് വിവാദം ഉയര്‍ന്നുവന്നത്. സ്ഥലം സ്ത്രീക്ക് അവകാശപ്പെട്ടതാണെന്ന് അന്വേഷണം നടത്തിയ കമ്മീഷനുകള്‍ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവും അനുകൂലമാണ്. എന്നിട്ടും ക്ഷേത്രം ഭാരവാഹികള്‍ സമ്മതിക്കുന്നില്ല. നാലുതവണ വനിതാകമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടും ക്ഷേത്രം ഭാരവാഹികള്‍ ഹാജരായില്ല. ഏതായാലും ഈ വിഷയത്തില്‍ പരാതിക്കാരിയുടെ കൂടെ ഉണ്ടാവുമെന്നും അവര്‍ക്ക് സ്ഥലം ഉപയോഗിക്കാമെന്നും ജോസഫൈന്‍ പറഞ്ഞു.
സുഹൃത്തായ ഡോക്ടറുടെ ആവശ്യപ്രകാരം ഒരു സ്ത്രീക്ക് വേണ്ടി വീട് നിര്‍മിച്ചു നല്‍കിയ കരാറുകാരന് പണം കിട്ടിയില്ലെന്ന പരാതിയും കമ്മീഷന്‍ മുമ്പാകെയെത്തി. ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റാണ് വീടിന്റെ പണി പൂര്‍ത്തിയാക്കി നല്‍കിയത്. എന്നാല്‍ വീട് ഉപയോഗിക്കുന്ന സ്ത്രീ പണം നല്‍കിയില്ല. ഇപ്പോള്‍ ഇടനിലക്കാരനായ ഡോക്ടറും കരാറുകാരനെ കൈയൊഴിഞ്ഞിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിയമനടപടി തുടരാന്‍ കമ്മീഷന്‍ തീരുമാനിച്ചു.
പട്ടികവര്‍ഗ വിഭാഗക്കാരിയായ തഹസില്‍ദാരെ മാനസികമായി പീഡിപ്പിക്കുന്നതായുള്ള പരാതി മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തുമെന്ന് ജോസഫൈന്‍ അറിയിച്ചു. ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലേക്ക് പ്രമോഷന്‍ സാധ്യതയുള്ള ജീവനക്കാരിയെ വിവരാവകാശ നിയമത്തിന്റെയും മറ്റും പേരില്‍ നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജോസഫൈന്‍ പറഞ്ഞു.ഇന്നലെ നടന്ന അദാലത്തില്‍ 87 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 14 എണ്ണത്തില്‍ തീര്‍പ്പ് കല്‍പിച്ചു. അഞ്ചെണ്ണം പൊലീസ് നടപടികള്‍ക്കായി അയച്ചു. 68 പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി.

web desk 1: