X

സിദ്ധാര്‍ത്ഥനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന് കുടുംബം

പൂക്കോട് സര്‍വകലാശാലയില്‍ മരിച്ച സിദ്ധാര്‍ത്ഥനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്റെ ബന്ധുക്കള്‍. സിദ്ധാര്‍ത്ഥനെതിരെ പെണ്‍കുട്ടിയുടെ പരാതി വ്യാജമാണ്. പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്യണം. കേസെടുത്ത് നിയമനടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ പെണ്‍കുട്ടിയുടെ പങ്ക് പുറത്തുവരികയുള്ളൂ എന്നും ബന്ധുക്കള്‍ പ്രതികരിച്ചു.

കോളേജ് ഡീന്‍ അസിസ്റ്റന്റ് വാര്‍ഡന്‍, സുഹൃത്ത് അക്ഷയ് എന്നിവരെയും പ്രതി ചേര്‍ക്കണമെന്നും സംഭവത്തില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്നും സിദ്ധാര്‍ത്ഥന്റെ അമ്മാവന്‍ ഷിബു പറഞ്ഞു. കോളേജ് ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ പൊലീസ് ഇതുവരെ കേസ് എടുത്തില്ല. സിദ്ധാര്‍ത്ഥന് മര്‍ദ്ദനമേറ്റ കാര്യം റൂം മേറ്റ് ആയ അക്ഷയ്ക്ക് അറിയാമായിരുന്നിട്ടും ബന്ധുക്കളോട് മറച്ചുവെച്ച് കൊലപാതകത്തിന് കൂട്ടുനിന്നുവെന്നും ഷിബു ആരോപിച്ചു.

സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിച്ച നിരവധി പ്രതികള്‍ ഇനിയും പിടിയിലാകാനുണ്ട്. യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ഇടപെടല്‍ നടക്കുന്നതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ഇന്നലെയാണ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടത്. സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി.

അതേസമയം സിദ്ധാര്‍ത്ഥനെ പെണ്‍കുട്ടികളും വിചാരണ ചെയ്തെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. സിദ്ധാര്‍ത്ഥനെ വിദ്യാര്‍ത്ഥിനികളും ചേര്‍ന്നുള്ള വിചാരണ നടന്നത് റോഡിലെന്നാണ് വിവരം. പ്രതികളുടെ പെണ്‍സുഹൃത്തുക്കളെയാണ് ഉപയോഗിച്ചത്.

പെണ്‍കുട്ടികള്‍ക്കെതിരെ ആരും മൊഴി നല്‍കാത്തതിനാല്‍ ഇത് ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടിന്റെ ഭാഗമല്ല. സര്‍വകലാശാലയില്‍ മുമ്പും ആള്‍ക്കൂട്ട വിചാരണ നടന്നു എന്നതും ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് ശരിവെക്കുന്നു.

 

 

webdesk13: