X

മരിച്ച വിദ്യാർഥിക്കെതിരെ വ്യാജ ആരോപണം, ഒരു വധശിക്ഷ കഴിഞ്ഞ് വേറൊരു വധശിക്ഷ നടപ്പാക്കി: വി ഡി സതീശൻ

പൂക്കോട് വെറ്ററിനറി കോളേജില്‍ മരിച്ച വിദ്യാർഥിക്കെതിരെ വ്യാജ ആരോപണം ഉയർത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ആന്തൂർ സാജൻ്റെ കാര്യത്തിൽ സംഭവിച്ച പോലെ സിദ്ധാർഥനെയും കുടുംബത്തെയും അപമാനിക്കുകയാണ്.

മുഴുവൻ പ്രതികളെയും സിപിഎം സംരക്ഷിക്കുകയാണ്. കേരളത്തിലെ രക്ഷിതാക്കളെ മുഴുവൻ ഭയത്തിലാക്കി. എസ്എഫ്ഐ, ഡിവൈഎഫ്ഐ ക്രിമിനലുകൾക്ക് എല്ലാ പ്രോത്സാഹനവും കൊടുക്കുന്നത് മുഖ്യമന്ത്രിയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ഒരു വധശിക്ഷ കഴിഞ്ഞ് വേറൊരു വധശിക്ഷ നടപ്പാക്കിയിരിക്കുകയാണ്. വ്യാജ ആരോപണങ്ങൾ ഉണ്ടാക്കി ആ കുടുംബത്തെ അപമാനിക്കുന്നു. പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ വയനാട്ടിലെ മുതിർന്ന സിപിഐഎം നേതാവ് തന്നെ കൂടെ വന്നു. ഇത് ഭീഷണിയാണ്, അന്വേഷണ ഉദ്യോഗസ്ഥനെ വിരട്ടലാണ്.
മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളങ്ങളിൽ ഒളിച്ചിരിക്കുകയാണ്. ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ മുഖ്യമന്ത്രി അവസരം കൊടുക്കുകയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി തന്നെ ക്രിമിനൽ കേസിൽ പ്രതിയാണ്. ഈ ക്രിമിനലുകളിൽ നിന്ന് കേരളത്തെ രക്ഷിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സിദ്ധാർത്ഥ് ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് സിദ്ധാർത്ഥിന്‍റെ മരണശേഷം കോളേജിന് പരാതി ലഭിച്ചിരുന്നു. ഫെബ്രുവരി 14ന് കോളേജിൽ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആരോപണം. കോളേജിലെ ആഭ്യന്തര പരാതി സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. ഈ പരാതി കെട്ടിച്ചമതാണെന്നാണ് സംശയം. കുറ്റാരോപിതന് നോട്ടീസ് നൽകാൻ കഴിഞ്ഞില്ലെന്നാണ് ആഭ്യന്തര പരാതി സെല്ലിന്റെ റിപ്പോർട്ട്.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സിദ്ധാര്‍ഥ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച് കെട്ടിതൂക്കിയെന്നും ആരോപണം ഉണ്ട്.

സിദ്ധാര്‍ത്ഥനെ കോളേജ് പരിസരത്ത് നാലിടത്ത് വെച്ച് സംഘം മര്‍ദ്ദിച്ചതായി ആന്റി റാഗിങ്ങ് കമ്മിറ്റിയുടെ റിപ്പോർട്ടും പുറത്തു വന്നു. കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റം, കോളേജ് ഹോസ്റ്റൽ, ഹോസ്റ്റലിന് സമീപത്തെ കുന്ന്, ഡോര്‍മെറ്ററിക്ക് അകത്ത് എന്നിവിടങ്ങളിൽ വെച്ചാണ് മര്‍ദ്ദനമുണ്ടായത്. ഹോസ്റ്റലിൽ കിടന്നുറങ്ങിയ വിദ്യാർത്ഥിയെ വിളിച്ച് മർദനം ‘ഡെമോ’ പോലെ കാണിച്ചു കൊടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു.

31-ൽ 19പേരാണ് സിദ്ധാർഥിനോട് മൃഗീയമായി പെരുമാറിയത്. ബെൽറ്റ് കൊണ്ട് ഒട്ടേറെ തവണ അതിക്രൂരമായി മർദ്ദിച്ചു. ചവിട്ടി നിലത്തിട്ടു. ഡോർമെറ്ററിയിലെ കട്ടിലിൽ ഇരുന്നപ്പോൾ അവിടെ വെച്ചും മർദ്ദിച്ചു.സിദ്ധാർത്ഥന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവരെ ഭീഷണിപ്പെടുത്തി അടിപ്പിച്ചു. മുറിയിലെ വെള്ളം തുടപ്പിച്ചു. പുറത്ത് പറയരുതെന്ന് കുട്ടികളെ അക്രമി സംഘം ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. പ്രധാന പ്രതികളിലൊരാളായ കാശിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

webdesk13: