X

രൂപയുടെ മൂല്യം ഇടിഞ്ഞതിനു ഹാജിമാരില്‍ നിന്നും തുക പിടിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനു ഹാജിമാരില്‍ നിന്നും തുക പിടിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. മൂല്യ ഇടിവിനെ തുടര്‍ന്ന് വിമാനയാത്രക്കൂലിയിലാണ് വ്യത്യാസം വന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റായ കൊച്ചിയില്‍ നിന്നും ഇന്ത്യയിലെ മറ്റു കേന്ദ്രങ്ങളില്‍ നിന്നും വിമാനത്തില്‍ യാത്ര തിരിച്ചവര്‍ അധിക തുക നല്‍കേണ്ടി വരുന്നതിന്റെ ഭാഗമായാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മൂല്യ ഇടിവ് കണക്ക് പ്രകാരം കേരളത്തില്‍ നിന്നും ഹജ്ജ് യാത്ര പുറപ്പെട്ടവര്‍ 6205 രൂപ അധികമായി നല്‍കേണ്ടി വരും. വൈകാതെ ഇത് അറിയിപ്പായി വരും. 74.443 രൂപയാണ് ആദ്യം ഹജ്ജ് യാത്രക്ക് വിമാനയാത്രായിനത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യഇടിവ് മൂലം 80648 രൂപയാണ് ഒരു ഹാജിയില്‍ നിന്നും കണക്കാക്കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ തവണ പോയ ഹാജിമാര്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ അധിക തുക നല്‍കേണ്ടി വരുന്നത് നീതീകരിക്കാനാവില്ലെന്ന് ഹാജിമാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ വീഴ്ച്ച മൂലം ഹാജിമാര്‍ ഭാരം ഏല്‍ക്കണമെന്ന് പറയുന്നത് ശരിയല്ല. അഞ്ച് ഘട്ടങ്ങളിലായാണ് കേന്ദ്രസര്‍ക്കാര്‍ വിമാനക്കമ്പനികള്‍ക്ക് പണം കൈമാറിയത്.
2018 ജൂലൈ 8ന് 30 ശതമാനവും ഒഗസ്റ്റ് 22ന് 20 ശതമാനവും സെപ്തംബര്‍ 2ന് 25 ശതമാനവും ഒക്‌ടോബര്‍ 1ന് 15 ശതമാനവും ഒക്‌ടോബര്‍ 8ന് 10 ശതമാനവുമാണ് തുക കേന്ദ്രം അടച്ചത്. ആദ്യ ഘട്ടത്തില്‍ കേന്ദ്രം പണം അടക്കുമ്പോള്‍ 68.72 ആയിരുന്നു ഇന്ത്യന്‍ രൂപയുടെ മൂല്യം. രണ്ടാം ഘട്ടത്തില്‍ 69.745 രൂപയും തുടര്‍ന്ന് 71.12 രൂപയും നാലാം ഘട്ടത്തില്‍ 72.89, അവസാനഘട്ടത്തില്‍ 74.13 ആയി മൂല്യം കുത്തനെ ഇടിഞ്ഞു. ഓരോ തവണയും മൂല്യം തകരുകയായിരുന്നു. മൂല്യം തകരുന്നതിനു അനുസരിച്ച് തുക ഈടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല.

യാത്രാ തുക 65,318. 83 രൂപയും ജി.എസ്.ടി 11.757.39 രൂപയും എയര്‍പോര്‍ട്ട് നികുതി 3,572 രൂപയുമായാണ് കേന്ദ്ര കണക്ക്. ആകെ 80,648രൂപ. കുറവ് വരുന്ന 6205 രൂപ ഹാജിമാരില്‍ നിന്നും ഈടാക്കുന്നതിന്റെ ഭാഗമായാണ് വ്യത്യാസം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ എമ്പാര്‍ക്കേഷന്‍ പോയിന്റിലെയും വ്യത്യാസങ്ങള്‍ വിവിധ നിരക്കിലാണ്. ഹജ്ജ് യാത്രക്ക് സബ്‌സിഡി എടുത്തു കളഞ്ഞതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയത്തിന്റെ ഭാഗമായി ഹാജിമാരെ പിഴിയുന്നത്. ഹാജിമാരില്‍ നിന്നും വാങ്ങിയ തുക ആദ്യഘട്ടത്തില്‍ തന്നെ ഒന്നിച്ച് വിമാനക്കമ്പനിക്ക് നല്‍കിയിരുന്നുവെങ്കില്‍ മൂല്യത്തകര്‍ച്ച മൂലമുള്ള ഭാരം ഒഴിവാക്കാമായിരുന്നുവെന്ന് ഹാജിമാര്‍ പറഞ്ഞു.

chandrika: