ബ്രസീലും വീണു കാമറൂണിന് മുന്നില്‍. ഇഞ്ച്വറി ടൈമില്‍ വിസന്‍ഡെ അബുബക്കര്‍ നേടിയ ഗോളിലായിരുന്നു കാമറൂണിന്റെ വിജയം. പക്ഷേ നോകൗട്ടില്‍ ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും തന്നെ. ജയിച്ചിട്ടും പുറത്ത് പോവാനായിരുന്നു കാമറൂണിന്റെ വിധി. ആവേശ അങ്കത്തില്‍ സ്വിസുകാര്‍ 3 – 2 ന് സെര്‍ബിയയെ വീഴ്ത്തിയതാണ് കാമറൂണിന് തടസമായത്.
ലുസൈലില്‍ ആദ്യ പകുതിയില്‍ ഗോള്‍ പിറന്നില്ല. പന്തില്‍ ആധിപത്യമുണ്ടായിട്ടും കാമറൂണ്‍ ഗോള്‍കീപ്പര്‍ ഇവാസിയെ വീഴ്ത്താന്‍ ടിറ്റേ മുന്‍നിരയില്‍ നിയോഗിച്ച ഗബ്രിയേല്‍ ജീസസ്, മാര്‍ട്ടിനെലി, റോഡ്രിഗോ, ആന്റണി എന്നിവര്‍ക്കായില്ല. നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പാക്കിയതിനാല്‍ ടീമില്‍ കാര്യമായ അഴിച്ചുപണി കോച്ച് നടത്തിയിരുന്നു. പരുക്ക് കാരണം നെയ്മര്‍ ബെഞ്ചില്‍ തന്നെയായപ്പോള്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബേക്കര്‍, റിച്ചാര്‍ലിസണ്‍, മാര്‍ക്കിഞ്ഞസ്, കാസിമിറോ, വിനീഷ്യസ് തുടങ്ങിയവര്‍ക്കെല്ലാം വിശ്രമം നല്‍കി.
ആഹ്‌ളാദത്തില്‍ ജഴ്‌സി ഊരിയതിന് മല്‍സരത്തിലെ രണ്ടാം മഞ്ഞയും അത് വഴി ചുവപ്പുമായി അബുബക്കര്‍ പുറത്തായി. സ്വിറ്റ്‌സര്‍ലന്‍ഡ്- സെര്‍ബിയ മല്‍സരം ആവേശകരമായിരുന്നു. ആദ്യ പകുതിയില്‍ നാല് ഗോളുകള്‍ പിറന്നു. ഷെര്‍ദാന്‍ ഷാക്കിരിയിലുടെ ആദ്യം മുന്നില്‍ കയറിയത് സ്വിറ്റ്‌സര്‍ലന്‍ഡ് ആയിരുന്നു. മിത്രോവിച്ചിലുടെ ആറ് മിനുട്ടിനകം സെര്‍ബിയക്കാര്‍ ഒപ്പമെത്തി. മുപ്പത്തിയഞ്ചാം മിനുട്ടില്‍ വിഹോവിച്ച് സെര്‍ബിയക്ക് ലീഡും സമ്മാനിച്ചപ്പോള്‍ സ്വിസ് ആരാധകര്‍ ഞെട്ടി. പക്ഷേ എംബോളോ ലോകകപ്പിലെ രണ്ടാം ഗോളുമായി ആദ്യപകുതിയില്‍ തന്നെ സ്വിസ് കരുത്തായി. രണ്ടാം പകുതിയില്‍ സ്വിസ് വിജയവും അതുവഴി പ്രീക്വാര്‍ട്ടറും ഉറപ്പാക്കു കയും ചെയ്തു.