പ്രേമം നിങ്ങളെക്കൊണ്ട് ഭ്രാന്തന്‍ പ്രവൃത്തികള്‍ ചെയ്യിക്കും, എന്നാണ് പൊതുവെ പറയാര്‍. ബിഹാറിലെ മുസാഫര്‍പുരിലും സംഭവിച്ചത് അങ്ങനെയൊരു കാര്യമാണ്. ഐഐടിയില്‍ പഠിച്ചിറങ്ങി, ദുബായില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്ത യുവാവ്, നിശാക്ലബില്‍ നര്‍ത്തകിയായ തന്റെ കാമുകിയെ പ്രീതിപ്പെടുത്താന്‍ മോഷ്ടാവായ കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഒരു സ്ത്രീയില്‍ നിന്ന് 2.2 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് ഹേമന്ത് കുമാര്‍ രഘുവിനെ(40) മൂന്ന് കൂട്ടാളികളോടൊപ്പം കഴിഞ്ഞാഴ്ച ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് പണവും ആയുധങ്ങളും വെടിക്കോപ്പുകളും മോഷ്ടിച്ച 2ബൈക്കുകളും പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ പൊന്നേരി സ്വദേശിയാണ് ഹേമന്ത്.
ദുബായിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍, ഒരു നിശാക്ലബ് നര്‍ത്തകിയുമായി പ്രണത്തിലായതിനെ തുടര്‍ന്നാണ് ജോലി ഉപേക്ഷിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ദുബായിലുള്ള സമയത്താണ് ഹേമന്ത് കുമാര്‍ നൈറ്റ് ക്ലബില്‍ ഡാന്‍സറായ ബിഹാര്‍ സ്വദേശിനിയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും. ഇതോടെ നൈറ്റ് ക്ലബിലെ ജോലി ഉപേക്ഷിക്കാന്‍ യുവതിയെ ഹേമന്ത് നിര്‍ബന്ധിച്ചു. പകരം, ബിഹാറിലേക്ക് ഒരുമിച്ച് പോകാന്‍ ഹേമന്ത് സമ്മതം മൂളി.
കാമുകിക്ക് വേണ്ടി തന്റെ സമ്പാദ്യം മുഴുവന്‍ ചെലവാക്കിയതോടെയാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തിരിഞ്ഞതെന്ന് ഹേമന്ത് കുമാര്‍ പൊലീസിനോട് പറഞ്ഞു. 15 വര്‍ഷം ഇയാള്‍ ദുബായില്‍ ജോലി ചെയ്തിരുന്നു. കൈയിലെ പണമെല്ലാം തീര്‍ന്നപ്പോള്‍ കാമുകിയെ സന്തോഷിപ്പിക്കാനായി മുസാഫര്‍പുരിലെ കുറ്റവാളികളുമായി ബന്ധം സ്ഥാപിച്ച് കൃത്യമായ ആസൂത്രണത്തോടെ മോഷണങ്ങള്‍ നടത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.