കല്‍പ്പറ്റ: വയനാട് ജില്ലാ കലക്ടര്‍ എ.ഗീതയുടെ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടിലൂടെ പണം തട്ടാന്‍ ശ്രമം. കലക്ടറുടെ ചിത്രം ഡി.പിയാക്കിയാണ് വ്യാജ അക്കൗണ്ട് നിര്‍മിച്ചത്. ജില്ലാ കലക്ടര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
കലക്ടറുടെ പേരില്‍ പണം ചോദിച്ച് നടത്തിയ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും എ.ഗീത ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ആരും ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും സംഭവത്തില്‍ സൈബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നിയമനടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണത അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഇത്തരം തട്ടിപിന് ഇരയായാല്‍ ഉടന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കണമെന്നും അവര്‍ പറഞ്ഞു.
Facebook Post:
വ്യാജന്മാരെ സൂക്ഷിക്കണേ!
എന്റെ പ്രൊഫൈല്‍ ഫോട്ടോ ഡിപി ആക്കിയ ഒരു വ്യാജ വാട്‌സാപ്പ് അക്കൗണ്ടില്‍ നിന്ന് പണം ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കുക. അതില്‍ കാണുന്ന നമ്പര്‍ ഉപയോഗിക്കുന്ന ആള്‍ക്ക് വാട്‌സാപ്പ് ഇല്ല എന്നും അന്വേഷണത്തില്‍ മനസിലാകുന്നു. സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിച്ച് കര്‍ശ്ശന നടപടി കൈക്കൊള്ളും.
വ്യാജമായി സൃഷ്ടിച്ച ഇത്തരം പ്രൊഫൈലുകള്‍ പലര്‍ക്കും ശല്യമാകുന്നുണ്ട്. നിങ്ങള്‍ ഇത്തരം ഒരു തട്ടിപ്പിന് ഇരയായാല്‍, ഉടനെ സൈബര്‍ പോലീസില്‍ പരാതി നല്‍കുക. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതി വരുത്താന്‍ കഴിയൂ. ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളില്‍ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യുക.