X

വ്യാജ വീഡിയോകളും വ്യാജ നിര്‍മ്മിതികളും സി.പി.എം ശൈലി;വിഡി സതീശന്‍

തൃക്കാക്കരയില്‍ വികസനം ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ സ്വന്തമായി വ്യാജ വീഡിയോ നിര്‍മ്മിച്ച് അതിന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തൃക്കാക്കര അതിന് ചുറ്റും കറങ്ങുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അവര്‍ മാത്രമാണ് ആ വീഡിയോയ്ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നത്. വീഡിയോ ഉണ്ടാക്കിയ യഥാര്‍ത്ഥ കുറ്റവാളികളെ പിടിച്ചാല്‍ സി.പി.എം അതിന് പിന്നില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. വീഡിയോ പ്രചരിപ്പിച്ചവരെയല്ല. അപ് ലോഡ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. അപ്പോള്‍ വാദി പ്രതിയാകും. വീഡിയോ പ്രചരിപ്പിച്ച ഒരു ബി.ജെ.പിക്കാരന്‍ പോലും അറസ്റ്റിലായിട്ടില്ല. അറസ്റ്റിലായ മൂന്നു പേരില്‍ രണ്ടു പേരും സി.പി.എമ്മുകാരാണ്. കൊല്ലത്ത് അറസ്റ്റിലായ ആളെ ജാമ്യത്തില്‍ ഇറക്കാന്‍ പോയത് അറിയപ്പെടുന്ന സി.പി.എം നേതാവാണ്. അറസ്റ്റിലായ ജേക്കബ് ഹെന്‍ട്രിയും ശിവദാസനും സി.പി.എമ്മുകാരല്ലെന്ന് ഇതുവരെ ആരും നിഷേധിച്ചിട്ടില്ല അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനങ്ങളില്‍ പറഞ്ഞതിന്റെ പോലും വ്യാജനിര്‍മ്മിതി ഉണ്ടാക്കിയാണ് സി.പി.എം സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഒന്നുമില്ലാത്തത് കൊണ്ടാണ് വ്യാജവീഡിയോ ഉണ്ടാക്കുന്നത്. ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളി ക്യാമറ വച്ചതും ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററായിരുന്ന ശക്തിധരന് എതിരെ വ്യാജരേഖ ഉണ്ടാക്കിയതും സി.പി.എമ്മാണ്. ടി.പി ചന്ദ്രശേഖരന്റെ കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവയില്‍ മാഷാ അള്ളാ എന്ന സ്റ്റിക്കര്‍ ഒട്ടിച്ച് മുസ്ലീംകളാണ് കൊല്ലാന്‍ വന്നതെന്ന് വരുത്താന്‍ ശ്രമിച്ചതും ഇതേ സി.പി.എമ്മാണ്. ഇവരാണ് നിരന്തരമായ വ്യാജ വീഡിയോകളും വ്യാജ നിര്‍മ്മിതികളും ഉണ്ടാക്കി രാഷ്ട്രീയ എതിരാളികളെ നേരിടുന്നത്. അവരുടെ രീതിയല്ല യു.ഡി.എഫിന്റേത് അദ്ദേഹം ഓര്‍മിപ്പിച്ചു.

കൈരളിയും ദേശാഭിമാനിയും എല്ലാ മാധ്യമ മര്യാദകളും ലംഘിച്ച് വ്യാജപ്രചരണം നടത്തുകയാണ്. പ്രതിപക്ഷ നേതാവ് മാധ്യമ പ്രവര്‍ത്തകനെ തെറി വിളിച്ചെന്നു പോലും പ്രചരിപ്പിച്ചു. എന്ത് വ്യാജ നിര്‍മ്മിതിയും പ്രചരിപ്പിക്കുന്ന സി.പി.എമ്മാണ് വൈകാരികമായി സംസാരിക്കുന്നത് അദ്ദേഹം പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെ പോലും വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്ന സി.പി.എം ഏതുവിധേനയും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. തൃക്കാക്കരയില്‍ എത്തിയ മന്ത്രിമാരും നേതാക്കളും ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തി. നിരവധി കാര്യങ്ങളില്‍ തീരുമാനം എടുത്ത് വോട്ട് പിടിക്കാന്‍ പറ്റുമോയെന്നാണ് മന്ത്രിമാര്‍ നോക്കുന്നത്. സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടേയും ഉള്‍പ്പെടെ കള്ളവോട്ട് ചെയ്യാനുള്ള സി.പി.എം ശ്രമം അനുവദിക്കില്ല. ഇത്തരം വോട്ടുകള്‍ രേഖപ്പെടുത്തിയ പട്ടിക യു.ഡി.എഫ് പ്രിസൈഡിങ് ഓഫീസര്‍ക്ക് കൈമാറും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും. ഉമ തോമസ് പി.ടി തോമസ് നേടിയതിനോക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് തൃക്കാരയിലെ വോട്ടര്‍മാര്‍ തീരുമാനമെടുത്ത് കഴിഞ്ഞു അദ്ദേഹം പറഞ്ഞു.

Chandrika Web: