X

വ്യാജ വീഡിയോ കോൾ,​ ജാഗ്രതാ നിർദേശവുമായി പൊലീസ്

കോഴിക്കോട് സുഹൃത്തുക്കളാണെന്ന് കരുതി അപരിചിത നമ്പറുകളിൽ നിന്ന് കോൾ എടുക്കല്ലേ..പണി കിട്ടും. വാട്സാപ്പ്,​ ഫെയ്സ് ബുക്ക് മെസഞ്ചർ, ടെലിഗ്രാം തുടങ്ങിയ ആപ്പുകളിലൂടെ വീഡിയോ കോൾ ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ കൂടിയതോടെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സിറ്റി പൊലീസ്.

ഫോണ്‍ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം സ്‌ക്രീന്‍ റെക്കോർഡ് ചെയ്‌തെടുത്തതിനുശേഷം മുഖം കൂടി ഉൾപ്പെടുത്തി നഗ്ന വീഡിയോ തയ്യാറാക്കി പണം ആവശ്യപ്പെടുകയാണ് ഇവരുടെ രീതി. തുടർന്ന് മെസേജുകളിലൂടെയും കോളുകളിലൂടെയും ഭീഷണി വരും. ചോദിച്ച പണം നൽകിയില്ലെങ്കിൽ നിങ്ങളുടെ വ്യാജ വീഡിയോ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്നാവും അടുത്ത ഭീഷണി. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും പണം ആവശ്യപ്പെടും. മാനഹാനി ഭയന്ന് പലരും ആദ്യം പണം നൽകുമെങ്കിലും കള്ളൻമാർ തട്ടിപ്പ് വീണ്ടും തുടരും. രണ്ടാം ഘട്ടത്തിൽ കൂടുതൽ പണമാവശ്യപ്പെടും. ഇത്തരത്തിൽ നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ജൂലൈയിൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ സഹായത്തോടെ വ്യാജ വീ‌ഡിയോ കോൾ നിർമ്മിച്ച് കോഴിക്കോട് പാലാഴി സ്വദേശിയുടെ 40000 രൂപ തട്ടിയെടുത്തിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഉപയോഗിച്ച് കേരളത്തിൽ നടന്ന ആദ്യ തട്ടിപ്പും കൂടിയായിരുന്നു ഇത്. അടുത്ത ബന്ധുവിന്റെ ആശുപത്രി ആവശ്യത്തിനെന്ന പേരിലായിരുന്നു കള്ളൻമാർ പണം ആവശ്യപ്പെട്ടത്. സെെബർ പൊലീസിന്റെ അന്വേഷണത്തിൽ പണം മഹാരാഷ്ട്രയിലെ രത്നാകർ ബാങ്കിലുണ്ടെന്ന് കണ്ടെത്തുകയും പണം പിന്നീട് കണ്ടത്തുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി വരുന്നതോടെ ഭൂരിഭാഗം പേരും തട്ടിപ്പിന് വഴങ്ങുന്ന സ്ഥിതിയാണ്.സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ വിവരങ്ങൾ നേരത്തെ തന്നെ കൈവശപ്പെടുത്തിയിട്ടാകും സംഘങ്ങൾ തട്ടിപ്പ് നടത്തുക.അതുകൊണ്ട് തന്നെ ഇത്തരം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത് കൊണ്ടോ, സ്വന്തം അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ല.

webdesk14: