നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ ആള്‍ മുംബൈയില്‍ പിടിയില്‍. സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. ഇതേ തുടര്‍ന്ന് ഒക്ടോബര്‍ 14 ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തിരുന്നു.
സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരം ചെയ്യുന്നതിനുവേണ്ടി എക്സില്‍ ഇയാള്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയായിരുന്നു. പിന്നാലെ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയെന്നാണ് അധികൃതര്‍ പറയുന്നത്.
ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ക്കുനേരെ തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗം ചേര്‍ന്നു. കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്കിടെ 12 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്.
ഇന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിനു നേരെയും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയറിനു നേരെയും ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇരുവിമാനങ്ങളും ഡല്‍ഹിയിലും അഹമ്മദാബാദിലും അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.