വഖഫ് ഭേദഗതി ബില്ലിൽ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) റിപ്പോർട്ടിൽനിന്ന് പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ് നീക്കംചെയ്തത് അപലപനീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ പറഞ്ഞു. ഇത്തരം വ്യാജ റിപ്പോർട്ടുകൾ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.
വ്യാഴാഴ്ച രാജ്യസഭയിൽ ജെ.പി.സി റിപ്പോർട്ട് വെച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ഇതോടെ രാജ്യസഭ പ്രതിപക്ഷ നേതാവായ ഖാർഗെയെ സംസാരിക്കാൻ സഭാ ചെയർമാൻ ജഗദീപ് ധൻഖർ അനുവദിച്ചപ്പോഴായായിരുന്നു രൂക്ഷ വിമർശനം. വഖഫ് ബില്ല് ഭേദഗതിയിൽ ജെ.പി.സിയിലെ പ്രതിപക്ഷ അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകിയിട്ടുണ്ട്. അവ നീക്കംചെയ്ത് ഞങ്ങളുടെ കാഴ്ചപ്പാടുകളെ വളച്ചൊടിക്കുന്നത് ശരിയല്ല. ഇത് ജനാധിപത്യ വിരുദ്ധമാണ്.
വഖഫുമായി ബന്ധമില്ലാത്തവരുടെ മൊഴികളും സമിതി രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം വ്യാജ റിപ്പോർട്ടുകൾ ഒരിക്കലും അംഗീകരിക്കില്ല. റിപ്പോർട്ട് തിരിച്ചയക്കണം. സർക്കാർ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും ചെയ്യുകയാണെങ്കിൽ രാജ്യത്തിന്റെ താൽപര്യത്തിനായി അനീതിക്കെതിരെ ശബ്ദമുയർത്തുമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
ന്യൂനപക്ഷ മന്ത്രി അവാസ്തവം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു -ജെ.പി.സി അംഗം
ജെ.പി.സി റിപ്പോർട്ടിൽനിന്ന് പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ് നീക്കം ചെയ്തില്ലെന്ന അവാസ്തവം പറഞ്ഞ് ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ജെ.പി.സി സമിതി അംഗമായ കോൺഗ്രസ് എം.പി നസീർ ഹുസൈൻ സഭയിൽ പറഞ്ഞു. തന്റെ വിയോജനക്കുറിപ്പ് നീക്കംചെയ്തിട്ടുണ്ട്. വഖഫുമായി ബന്ധമില്ലാത്തവരുടെ യോഗം ജെ.പി.സി വിളിച്ചു. യോഗത്തിന്റെ മിനുട്സ് നൽകാൻ തയാറാകുന്നില്ല. ജെ.പി.സി മുമ്പാകെ ബന്ധപ്പെട്ടവർ സമർപ്പിച്ച നിർദേങ്ങൾ നൽകുന്നില്ല. ജെ.പി.സി അംഗങ്ങളുടെ ചർച്ച പൂർത്തിയായിട്ടില്ല. ജെ.പി.സി റിപ്പോർട്ട് പൂർണമല്ലെന്നും അംഗീകരിക്കരുതെന്നും നസീർ ഹുസൈൻ രാജ്യസഭ ചെയർമാനോട് ആവശ്യപ്പെട്ടു.