സുഫ്‌യാന്‍ അബ്ദുസ്സലാം
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാനത്തിന്റെ തിരക്കിലാണ്. ശബരിമല വിശ്വാസികളില്‍ ഭൂരിപക്ഷവും സ്ത്രീ പ്രവേശനത്തിനെതിരാണെങ്കിലും സ്ത്രീകളെ അവിടെ പ്രവേശിപ്പിച്ചേ അടങ്ങൂ എന്ന വിപ്ലവാവേശത്തിലാണ് അദ്ദേഹം. പുതുവത്സര ദിനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ‘വനിതാമതിലി’ന്റെ നിര്‍മ്മാണത്തിലാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ശ്രദ്ധ. പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനേക്കാള്‍ കേരള ജനതക്ക് ഇപ്പോള്‍ ആവശ്യം വനിതാനവോത്ഥാനമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കേരളത്തില്‍ വിവിധ ഹൈന്ദവ സമുദായങ്ങളില്‍ നടന്ന നവോത്ഥാനത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ചട്ടമ്പിസ്വാമികള്‍, വൈകുണ്ഠസ്വാമികള്‍, ശ്രീനാരയണഗുരു, അയ്യങ്കാളി, വി.ടി ഭട്ടതിരിപ്പാട്, പത്മനാഭന്‍ പല്‍പ്പു, പണ്ഡിറ്റ് കെ.പി കറുപ്പന്‍ തുടങ്ങിയ പേരുകളാണ് മലയാളിയുടെ മനോമുകുരങ്ങളില്‍ തെളിഞ്ഞുവരിക. മതപ്രമാണങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തം ജാതികളിലും സമുദായങ്ങളിലും നിലനിന്നിരുന്നതും വരേണ്യ വര്‍ഗങ്ങളുടെ താല്‍പര്യ സംരക്ഷണത്തിന്‌വേണ്ടി നിലനിര്‍ത്തിവന്നിരുന്നതുമായ അനാചാരങ്ങള്‍ക്കെതിരെ അതത് സമൂഹങ്ങളില്‍ ബോധവത്കരണം നടത്തിക്കൊണ്ടാണ് ഈ പ്രതിഭകള്‍ സാമൂഹിക നവോത്ഥാനത്തിന് തുടക്കം കുറിച്ചതും കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഇടം പിടിച്ചതും. അവര്‍ നടത്തിയ സാമൂഹിക വിപ്ലവത്തെ അപഗ്രഥിച്ചുനോക്കിയാല്‍ അവര്‍ പ്രതിനിധാനം ചെയ്തിരുന്ന ജാതിയിലും സമുദായത്തിലും നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെയായിരുന്നു അവരുടെ പോരാട്ടങ്ങളിലധികവുമെന്ന് കാണാന്‍ കഴിയും. അതത് സമൂഹങ്ങള്‍ സ്വീകരിച്ചുപോന്നിരുന്ന വിശ്വാസങ്ങള്‍ക്കെതിരെയോ അനുഷ്ഠാന കര്‍മ്മങ്ങള്‍ക്കെതിരെയോ ആയിരുന്നില്ല അവര്‍ നയിച്ച വിപ്ലവം.
വര്‍ണ്ണാശ്രമ വ്യവസ്ഥയുടെ ഭാഗമായി നിലനിന്നിരുന്ന ചൂഷണങ്ങള്‍ക്കെതിരെ മതഗ്രന്ഥങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന സാമൂഹിക രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളെകുറിച്ച് രചനകള്‍ നടത്തിയായിരുന്നു ചട്ടമ്പി സ്വാമികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ദലിത് സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച വൈകുണ്ഠ സ്വാമികള്‍ ഹിന്ദു മത ഭക്തനും പണ്ഡിതനുമായിരുന്നു. ജാതീയമായ ഉച്ചനീചത്വങ്ങളുടെ പേരില്‍ അധമത്വംപേറി ജീവിച്ചിരുന്ന പറയര്‍, പുലയര്‍, കുറവര്‍, ചാന്നാന്‍ തുടങ്ങിയ കര്‍ഷക അടിയാളരുടെ വ്യക്തിത്വം വളര്‍ത്തിയെടുത്ത് അവരില്‍ അവകാശങ്ങളുടെയും ചെറുത്തുനില്‍പിന്റെയും ബോധം വളര്‍ത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. കേരളം കണ്ട നവോത്ഥാന നായകരില്‍ അദ്വിതീയ സ്ഥാനമാണ് ശ്രീനാരായണഗുരുവിനുള്ളത്. ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ്ണ മേധാവിത്വത്തിനും സാമൂഹ്യതിന്മകള്‍ക്കുമെതിരെയാണ് പോരാടിയത്. പക്ഷേ, ബ്രാഹ്മണരെയും മറ്റു സവര്‍ണ്ണ ഹിന്ദുക്കളെയും ആക്ഷേപിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നതിന് പകരം സ്വന്തം സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലാണ് അദ്ദേഹം ശ്രദ്ധിച്ചത്. ഹിന്ദു മതസമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ടുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങളല്ല അദ്ദേഹം നിര്‍വഹിച്ചത്. സ്വയം പരിവര്‍ത്തിക്കപ്പെട്ട് ഔന്നത്യം ആര്‍ജ്ജിക്കാന്‍ അദ്ദേഹം തന്റെ സമുദായത്തെ ഉണര്‍ത്തുകയായിരുന്നു.
പുലയ സമുദായത്തില്‍ ജനിച്ച അയ്യങ്കാളി വിപ്ലവകരമായ സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ പരിഷ്‌കര്‍ത്താവാണ്. പാടത്ത് പണിയെടുക്കാന്‍ മാത്രം വിധിക്കപ്പെട്ട അധഃസ്ഥിതര്‍ക്ക് മണ്ണില്‍ കുഴികുത്തി അതില്‍ ഇലവച്ചായിരുന്നു ഭക്ഷണം. പൊതുസ്ഥലങ്ങളിലും പൊതുവീഥികളിലും പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. അരക്കു മുകളിലും മുട്ടിനു താഴെയും വസ്ത്രം ധരിക്കാന്‍ അനുമതി ഇല്ലാതിരുന്ന അവര്‍ക്ക് കല്ലുമാലകള്‍ കഴുത്തിലണിഞ്ഞുനടക്കേണ്ടിവന്നു. ഈ നിയമങ്ങളെയെല്ലാം ധിക്കരിച്ച് അധഃസ്ഥിതരായ ജനതയെ അദ്ദേഹം സമരമാര്‍ഗത്തിലേക്ക് നയിച്ചു. പ്രമാണിമാര്‍ മാത്രമുപയോഗിച്ചിരുന്ന കാളവണ്ടികളില്‍ മേല്‍മുണ്ടും ബനിയനും തലപ്പാവുംധരിച്ച് അദ്ദേഹവും അനുയായികളും യാത്ര ചെയ്തു.’വില്ലുവണ്ടി സമര’മെന്ന പേരില്‍ അറിയപ്പെടുന്ന ഈ സമരം കേരളത്തിന്റെ സാമൂഹിക വിപ്ലവത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. വേലക്ക് കൂലിയെന്ന മുദ്രാവാക്യവുമായി അയ്യങ്കാളിയുടെ നേതൃത്വത്തില്‍നടന്ന കര്‍ഷക തൊഴിലാളി സമരവും സ്ത്രീകളുടെ മാറ് മറക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരവും നവോത്ഥാന പാതയിലെ വലിയ സംഭവങ്ങളാണ്.
നമ്പൂതിരി സമൂഹത്തിലെ സദാചാര വിരുദ്ധമായ സ്ത്രീ പുരുഷ ബന്ധങ്ങള്‍ക്കെതിരെയും വിവാഹനിഷേധങ്ങള്‍ക്കെതിരെയും പടപൊരുതിയാണ് വി.ടി ഭട്ടതിരിപ്പാട് ശ്രദ്ധേയനായത്. ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടായിട്ടും ഈഴവ സമുദായക്കാരനായതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട ഡോ. പത്മനാഭന്‍പല്‍പ്പു പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക നവോത്ഥാനത്തിന്റെ ശില്‍പിയായി അറിയപ്പെടുന്നു. ഈഴവ മെമ്മോറിയല്‍, മലയാളി മെമ്മോറിയല്‍, ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം തുടങ്ങിയ സാമൂഹിക വിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഡോ. പല്‍പ്പുവായിരുന്നു. അരയ സമുദായത്തിന്റെ വിമോചകനായാണ് പണ്ഡിറ്റ് കെ.പി കറുപ്പന്‍ അറിയപ്പെടുന്നത്. വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞുനിന്ന അരയ സമൂഹത്തെ പ്രത്യേകം ‘സഭകള്‍’ രൂപീകരിച്ചുഅദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സര്‍ക്കാര്‍ കാണിച്ച അമിതാവേശത്തെ ന്യായീകരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വിവിധ പ്രസംഗങ്ങളിലായി നടത്തിയ പ്രസ്താവനകളില്‍ മുകളില്‍ എഴുതപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും നവോത്ഥാന നായകരെയും വളരെ കാര്യമായി ഉദ്ധരിച്ചതായി കാണാം. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് നവംബര്‍ എട്ടിനു മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ: ‘കാലോചിതമായി ആചാരങ്ങള്‍ മാറ്റാനും പരിഷ്‌കരിക്കാനും മുന്നിലുണ്ടായിരുന്നത് വിശ്വാസികളായിരുന്നു എന്നത് നാം മറക്കരുത്. ഋതുമതിയായ സ്ത്രീക്കും ചുടല കാക്കുന്ന ചണ്ഡാളനും നിഷിദ്ധമല്ല ദൈവം എന്നാണ് ഹരിനാമകീര്‍ത്താനത്തില്‍ എഴുത്തച്ഛന്‍ പറയുന്നത്’.
മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. മതവിഭാഗങ്ങളില്‍ നടക്കേണ്ട പരിഷ്‌കരണങ്ങള്‍ക്ക് മുന്നില്‍നില്‍ക്കേണ്ടത് വിശ്വാസികള്‍ തന്നെയാണ്. ആചാരങ്ങളെന്ത് അനാചാരങ്ങളെന്ത്, വിശ്വാസമെന്ത്, അന്ധവിശ്വാസമെന്ത് തുടങ്ങിയ വിഷയങ്ങള്‍ അതത് മതവിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രമാണങ്ങളും പണ്ഡിതരുമാണ് വ്യക്തമാക്കേണ്ടത്. അതൊരു സര്‍ക്കാരിന്റെ ജോലിയല്ല. വിവിധ വിശ്വാസങ്ങള്‍ സ്വീകരിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും അവകാശമായി പ്രഖ്യാപിച്ച ഭരണഘടനയുള്ള ഭാരതത്തില്‍ ഓരോ വിഭാഗവും അവരുടെ വിശ്വാസത്തിനു അനുസൃതമായ തരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്വീകരിക്കുന്നത് അവരുടെ മൗലികാവകാശങ്ങളില്‍പെട്ടതാണ്. അവയില്‍ തിരുത്തലും മാറ്റവും വേണമെന്ന് തീരുമാനിക്കാനുള്ള അവകാശവും അവര്‍ക്കാണ്. പക്ഷേ ഇവിടെ മുഖ്യമന്ത്രി പറഞ്ഞുവരുന്ന നവോത്ഥാനം മതവിശ്വാസികള്‍ അല്ലാത്തവര്‍ക്ക് എല്ലാ മതങ്ങളിലും ഒരു നിയന്ത്രണവുമില്ലാതെ മേയാനും അവയില്‍ അവരുദ്ദേശിക്കുന്ന വിധമുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനുമുള്ള അവകാശമാണെങ്കില്‍ തെറ്റിപ്പോയി. അതുപോലെ ഏതെങ്കിലുമൊരു മതത്തില്‍ മറ്റു മതവിഭാഗങ്ങള്‍ക്ക് ഇടപെടാനുള്ള അവകാശത്തെക്കുറിച്ചാണെങ്കില്‍ അതും അസ്ഥാനത്താണ്. മുകളില്‍ സൂചിപ്പിച്ച നവോത്ഥാന നായകര്‍ ഒരിക്കലും മതപ്രമാണങ്ങളിലോ ആചാരങ്ങളിലോ അല്ല തിരുത്തല്‍ പ്രക്രിയകള്‍ നടത്തിയത്. പ്രമാണങ്ങള്‍ക്കും മാനവികതക്കും വിരുദ്ധമായ ഉച്ചനീചത്വങ്ങളില്‍ അധിഷ്ഠിതമായ വിവേചനങ്ങള്‍ക്കെതിരെ ആയിരുന്നു. ഋതുമതിയായ സ്ത്രീക്ക് മതപരമായ ആചാരങ്ങളില്‍ എന്തൊക്കെയാവാം തുടങ്ങിയ കാര്യങ്ങളില്‍ അതത് വിഭാഗങ്ങളുടെ ആചാരരീതികളെ ചോദ്യംചെയ്യുന്നത് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്ക് എതിരാണ്. ലിംഗ വിവേചനമല്ല മറിച്ച് അവസ്ഥകളെ പരിഗണിച്ചുകൊണ്ടുള്ള നിയമങ്ങളും നിയന്ത്രണങ്ങളും മാത്രമാണ് മതങ്ങളിലുള്ളത്.
ജാതീയമായ വിവേചനങ്ങളും വര്‍ണ്ണവിവേചനങ്ങളും വിശ്വാസപരമോ ആചാരപരമോ ആയ കാര്യങ്ങളായിട്ടല്ല ഹൈന്ദവസമൂഹം കണ്ടുവന്നിരുന്നത്. ചിലര്‍ അതിനു അങ്ങനെ ചില വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശ്രമിച്ചുവെങ്കിലും അത് വിജയിച്ചില്ലെന്നതാണ് സത്യം. അവര്‍ണ്ണര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിയമം പ്രാമാണികമല്ലെന്ന ബോധ്യപ്പെടുത്തലായിരുന്നു നവോത്ഥാന നായകര്‍ നിര്‍വഹിച്ചത്. ഹൈന്ദവസമൂഹത്തെ അത് ബോധ്യപ്പെടുത്തുന്നതില്‍ അവര്‍ വിജയിച്ചു. ഗുരുവായൂര്‍ ക്ഷേത്രപ്രവേശനവും തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരവുമെല്ലാം സാധ്യമായത് അതത് മതവിഭാഗങ്ങളുടെ പിന്തുണ കൊണ്ടായിരുന്നുവെന്നത് വിസ്മരിക്കാന്‍ പാടില്ല. അയിത്തോച്ചാടനത്തിനും വര്‍ണ്ണ വിവേചനത്തിനുമെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ മഹാത്മജിക്കും അംബേദ്കര്‍ക്കും സാധിച്ചത് രാജ്യത്തെ മഹാഭൂരിപക്ഷം ഹൈന്ദവ ജനതയുടെ പിന്തുണ കൊണ്ടായിരുന്നു. ഈ പിന്തുണ അടിച്ചേല്‍പ്പിക്കലിലൂടെ നേടിയെടുത്തതായിരുന്നില്ല. വിവിധ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായിരുന്നു. ജാതീയത ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു യാഥാര്‍ഥ്യമാണെന്നു അംഗീകരിച്ചുകൊണ്ടായിരുന്നു അവര്‍ പ്രവര്‍ത്തിച്ചത്. ഒരു സുപ്രഭാതത്തില്‍ അവയെ ഇല്ലാതാക്കാമെന്ന വ്യാമോഹത്തോടെയോ ശക്തമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടോ അല്ല, മറിച്ച് ജാതീയതയിലൂടെ പുറം തള്ളപ്പെട്ടുപോയ ജനതയെ എങ്ങനെ രാഷ്ട്രത്തിന്റെ മുഖ്യശ്രേണിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നായിരുന്നു അവര്‍ ചിന്തിച്ചത്. സാമുദായിക സംവരണമെന്ന ആശയം ഇങ്ങനെ നവോത്ഥാനത്തിന്റെ ഭാഗമായാണ് ആവിഷ്‌കരിക്കപ്പെട്ടത്. എന്നാല്‍ ഈ നവോത്ഥാനത്തിനെതിരെ ശക്തമായ നിലപാടാണ് മുഖ്യമന്ത്രിയുടെ പാര്‍ട്ടി ആദ്യനാള്‍ തൊട്ടേ സ്വീകരിച്ചുവന്നത്. കഴിഞ്ഞ വര്‍ഷം സംവരണത്തില്‍ വെള്ളം ചേര്‍ത്ത് സാമ്പത്തിക സംവരണമെന്ന ആശയം നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി എന്ന പേരിനും പിണറായി വിജയന്‍ അര്‍ഹനായിരിക്കുകയാണ്.
രാജ്യത്തെ മതേതര പാര്‍ട്ടികള്‍ പൊതുവില്‍ മതവിഭാഗങ്ങളുടെ ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ ഇടപെടാറില്ല. പക്ഷേ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മതനിരാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മതവിശ്വാസത്തെ ഇല്ലാതാക്കുന്നതിനുംവേണ്ടി കിട്ടുന്ന സന്ദര്‍ഭങ്ങളെ തന്ത്രപൂര്‍വം ഉപയോഗിക്കുകയാണ് പതിവ്. 1985 ഷാബാനു ബീഗം കേസ് ഇതുപോലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വീണുകിട്ടിയ സന്ദര്‍ഭമായിരുന്നു. അന്നത്തെ ‘നവോത്ഥാന നായകന്‍’ ഇ.എം.എസ് ആയിരുന്നു. മുസ്‌ലിം സമുദായത്തിലെ സ്ത്രീകളോടുള്ള സ്‌നേഹം നിറഞ്ഞൊഴുകിയ കാലം. പക്ഷേ അന്ന് ഇ. എം.എസിന് സ്റ്റെപ്പ് പിഴച്ചുപോയി. മുസ്‌ലിം സ്ത്രീകളോടുള്ള സ്‌നേഹം വഴിമാറി ശരീഅത്തിനോടുള്ള വിരോധമായി മാറി. അത് മുസ്‌ലിം സമുദായത്തിന്റെ ശക്തമായ എതിര്‍പ്പിന് കാരണമാവുകയും മുസ്‌ലിം പ്രതിഷേധത്തിന്മുമ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അടിയറവ് പറയേണ്ടിവരികയും ചെയ്തു. അതില്‍നിന്നും പാഠമുള്‍ക്കൊണ്ടതുകൊണ്ടാവണം പിണറായി വിജയന്‍ വളരെ സൂക്ഷിച്ചാണ് തന്ത്രം മെനയുന്നത്. നവോത്ഥാന നായകരായ അയ്യങ്കാളിയും നാരായണഗുരുവുമെല്ലാം നടത്തിയ സാമൂഹിക പരിഷ്‌കരണമാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതിന്റെ രഹസ്യമിതാണ്. പക്ഷേ അവരുടെയെല്ലാം പിന്മുറക്കാരനായി സ്വയം അവരോധിക്കാനുള്ള അപഹാസ്യമായ ശ്രമം നടത്തുമ്പോള്‍ ഗതകാല ചരിത്രവും പാരമ്പര്യവും ഇടക്കൊന്നു ഓര്‍ക്കുന്നത് നന്നായിരിക്കും. എതിര്‍ക്കുന്നവരെ മുഴുവന്‍ അമ്പത്തിരണ്ടും അതിലധികവും വെട്ടുകള്‍ വെട്ടി ഉത്തരമലബാറിനെ ചോരക്കളമാക്കാന്‍ ശ്രമിച്ച കാലത്തെ പാര്‍ട്ടി സെക്രട്ടറിയാണ് നവോത്ഥാനത്തിന്റെ മിശിഹയാകാന്‍ ശ്രമിക്കുന്നതെന്നു മറന്നുപോകരുത്. മ്യാന്‍മറിലെ ഓങ് സാന്‍ സുചി സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതിനുശേഷമാണ് വംശീയഹത്യകള്‍ക്ക് നേതൃത്വം നല്‍കിയതെങ്കില്‍ ഇവിടെ ഒരാള്‍ എല്ലാ ഹത്യകള്‍ക്കുംശേഷം നവോത്ഥാന നായകനായി അഭിനയിച്ച് മറ്റൊരു നോബല്‍ സമ്മാനത്തിനുള്ള വേഷം കെട്ടിലാണെന്നു മാത്രം.
ജാതി വ്യവസ്ഥയെ നിലനിര്‍ത്തി മേല്‍ജാതിക്കാരെ കീഴ്ജാതിക്കാര്‍ക്കെതിരില്‍ ഇളക്കിവിട്ട് ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ തന്ത്രമായിരുന്നു അവര്‍ണ്ണരുടെ ക്ഷേത്ര പ്രവേശന നിഷേധത്തിന്റെ കാരണം. ഇതിനെതിരെയാണ് വിശ്വാസികളുടെ സമരം ഉണ്ടായത്. വിശ്വാസത്തിലും ആചാരത്തിലും മാറ്റംവരുത്താനല്ല, മറിച്ച് ബ്രിട്ടീഷ് അധികാരികളും സവര്‍ണ്ണരിലെ ചിലരും ചേര്‍ന്നുണ്ടാക്കിയ അവകാശ നിഷേധത്തിനെതിരെയുള്ള സമരമായിരുന്നു അത്. ഗുരുവായൂര്‍ സത്യഗ്രഹം എന്ന പേരില്‍ അറിയപ്പെടുന്ന ഈ സമരം നടക്കുന്നത് 1931 ലാണ്. എ.കെ ഗോപാലന്‍ അന്ന് അതിന്റെ വളണ്ടിയര്‍ ക്യാപ്റ്റനായിരുന്നുവെങ്കിലും അതൊരു കമ്യൂണിസ്റ്റ് സമരമായിരുന്നില്ല. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിക്കുന്നത് 1939 ലാണ്. മത വിശ്വാസികള്‍ അവരുടേതായ അവകാശത്തിനുവേണ്ടി നടത്തിയ പോരാട്ടമാണ് ഗുരുവായൂര്‍ സത്യഗ്രഹവും അതുപോലെയുള്ള മറ്റു സമരങ്ങളും. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മത വിശ്വാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒരുകാലത്തും സമരം നയിച്ചിട്ടില്ല. മറിച്ച് മതം അനുവദിച്ചിട്ടില്ലാത്തതും മത നിയമങ്ങള്‍ക്കെതിരായി നില്‍ക്കുന്നതുമായ സ്വാതന്ത്ര്യങ്ങള്‍ക്കുവേണ്ടി മതവിശ്വാസികളെ ഇളക്കി വിടാനാണ് ശ്രമിച്ചിട്ടുള്ളത്. ഇപ്പോള്‍ ശബരിമലയില്‍ നടപ്പാക്കുന്നതും അതുതന്നെയാണ്. പിണറായി വിജയന്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനാണെങ്കില്‍ ശബരിമലയടക്കമുള്ള മുഴുവന്‍ മത പരിസരങ്ങളില്‍ നിന്നും ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും എങ്ങനെ അകറ്റിനിര്‍ത്താന്‍ സാധിക്കുമെന്നാണ് ചിന്തിക്കേണ്ടത്. അപ്പോള്‍ മാത്രമേ സാക്ഷാല്‍ ‘കമ്യൂണിസ്റ്റ് നവോത്ഥാന’മായിത്തീരുകയുള്ളൂ. മതനിയമങ്ങളുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങള്‍ ഉണ്ടാവേണ്ടത് അതത് സമുദായങ്ങളില്‍നിന്നാണെന്നും അത്തരം കാര്യങ്ങളില്‍ ഇടപെടുകയെന്നത് സര്‍ക്കാരിന്റെ നയമായിക്കൂടാ എന്നും ഇന്ത്യന്‍ പാര്‍ലമെന്റ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. 1963ല്‍ വ്യക്തിനിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അന്നത്തെ നിയമമന്ത്രി അശോക്കുമാര്‍ സെന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയാണ് പിന്നീടുള്ള സര്‍ക്കാരുകളും പിന്തുടര്‍ന്നുവന്നത്. നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷം ഏക സിവില്‍കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ ദേശീയ നിയമകമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോള്‍ നിയമകമ്മീഷനും പറയുന്നത് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള സാമൂഹിക സാഹചര്യം ആയിട്ടില്ലെന്നാണ്. മതവിശ്വാസം അത്രമാത്രം ഊട്ടിയുറക്കപ്പെട്ട സമൂഹത്തില്‍ ഏതെങ്കിലും തരത്തില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ടത് അതത് മതവിഭാഗങ്ങളില്‍നിന്നുള്ള പരിഷ്‌കര്‍ത്താക്കളാണ്. മതനിരാസ പ്രസ്ഥാനങ്ങളോ സര്‍ക്കാര്‍ സംവിധാനങ്ങളോ അതിലിടപെടുന്നത് ശരിയല്ല.
വനിതാമതിലിന്‌വേണ്ടി രൂപീകരിക്കപ്പെട്ട കമ്മിറ്റിയില്‍ ന്യൂനപക്ഷ മത സംഘടനകളില്‍പെട്ട ഒരാളെയും ഉള്‍പ്പെടുത്തിയില്ലെന്നു മാത്രമല്ല, ഫാസിസ്റ്റ് സൈദ്ധാന്തികരെ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി. ഇങ്ങനെ ന്യൂനപക്ഷ മത സംഘടനകളെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തിയും ഫാസിസ്റ്റ് സൈദ്ധാന്തികരെ മുന്നില്‍ നിര്‍ത്തിയും വനിതാമതില്‍ പണിയുന്നതും ശബരിമലയില്‍ വിവാദങ്ങള്‍ നാള്‍ക്കുനാള്‍ ശക്തിപ്പെടുത്തുന്നതും മതങ്ങളെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കുന്നതിനും കേരളത്തിലെ മതവിഭാഗങ്ങള്‍ക്കിടയിലുള്ള സൗഹാര്‍ദ്ദത്തെ തകര്‍ക്കാനുമാണെന്ന് തിരിച്ചറിയാന്‍ അധികം ബുദ്ധിയുടെ ആവശ്യമില്ല.