X

അയോധ്യ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം; പരാതി നല്‍കി വി ഡി സതീശന്‍

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. താന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മതസ്പര്‍ദ്ധ വളര്‍ത്താനും ഉദ്ദേശിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റ് പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി.ഡി. സതീശന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

‘യഥാര്‍ത്ഥ രാമന്‍ സുന്നത്ത് ചെയ്തിരുന്നു, അഞ്ച് നേരവും നിസ്‌കരിക്കുന്നവനായിരുന്നു ഗാന്ധിയുടെ രാമന്‍’ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുവെന്ന രീതിയില്‍ ‘നമോ എഗെയിന്‍ മോദിജി’ എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെയാണ് പരാതി നല്‍കിയത്. വി ഡി സതീശന്റെ ഫോട്ടോ വെച്ചാണ് പ്രചാരണം. വസ്തുതാ വിരുദ്ധമായ പോസ്റ്റിലെ ഉള്ളടക്കം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും മതസ്പര്‍ദ്ധ വളര്‍ത്താനും ഉദ്ദേശിച്ചാണെന്നും പോസ്റ്റ് പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

 

 

 

webdesk14: