യോഗിയുടെ യു.പിയില്‍ വ്യാജ പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചത് ഒരു വര്‍ഷം; വ്യാജ കുറ്റങ്ങള്‍ ചുമത്തി ആളുകളെ പൂട്ടി മോചന ദ്രവ്യം ആവശ്യപ്പെട്ടു

ഉത്തര്‍പ്രദേശിലെ ബറേലി നഗരത്തില്‍ മൂന്ന് പൊലീസുകാര്‍ ചേര്‍ന്ന് വര്‍ഷം മുഴുവന്‍ വ്യാജ പൊലീസ് സ്‌റ്റേഷന്‍ നടത്തി. ആളുകളെ വ്യാജ കുറ്റങ്ങള്‍ ചുമത്തി പൂട്ടുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.

വെള്ളിയാഴ്ച അവരുടെ ഏറ്റവും പുതിയ ഇരയുടെ മകന്‍ ആദ്യത്തേത് ഒത്തുതീര്‍പ്പാക്കിയ ഉടന്‍ തന്നെ രണ്ടാമതും മോചനദ്രവ്യം ആവശ്യപ്പെട്ടതോടെയാണ് കുറ്റകൃത്യം പിടിക്കപ്പെട്ടത്. ഇരകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതോടെ വ്യാജ പൊലീസ് സ്‌റ്റേഷന്റെ തനിനിറം പുറത്തുവന്നു.

കസ്ബ ഔട്ട്‌പോസ്റ്റില്‍ ഡ്യൂട്ടിക്ക് വിന്യസിച്ച പ്രതികളായ പൊലീസുകാര്‍ ആ പ്രദേശത്തെ റബ്ബര്‍ ഫാക്ടറിയുടെ ഒരു ഭാഗം പിടിച്ചെടുത്ത് പൊലീസ് സ്‌റ്റേഷന്റെ രൂപസാദൃശ്യത്തില്‍ വ്യാജ ലോക്കപ്പ് തീര്‍ത്തു. ഈ റാക്കറ്റ് ഒരു വര്‍ഷമായി തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടലും തുടര്‍ന്നുവെന്ന് യു.പി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച സബ് ഇന്‍സ്‌പെക്ടര്‍ ബല്‍ബീര്‍ സിങ്, കോണ്‍സ്റ്റബിള്‍മാരായ ഹിമാന്‍ഷു തോമര്‍, മോഹിത് കുമാര്‍ എന്നിവര്‍ ഭിതൗര ഗ്രാമത്തിലെ ഒരു കര്‍ഷകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി. വീട്ടില്‍ മയക്കുമരുന്നും അനധികൃത തോക്കുകളും സൂക്ഷിച്ചതായി ആരോപിച്ചു.

തന്റെ മകന്റെ സമീപത്തുള്ള കസേരയില്‍ അവര്‍ ഒരു തോക്ക് വെക്കുകയും കുറ്റങ്ങള്‍ ‘തെളിയിക്കാന്‍’ ഒരു വിഡിയോ ഷൂട്ട് ചെയ്തുവെന്നും കര്‍ഷകന്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘വീട്ടില്‍ വെച്ച് ഞാന്‍ നിയമവിരുദ്ധമായ മയക്കുമരുന്നുകളും ആയുധങ്ങളും വില്‍ക്കുന്നുണ്ടെന്ന് അവര്‍ ആരോപിച്ചു. അവര്‍ വീട് കൊള്ളയടിച്ചു. എന്നെ റബ്ബര്‍ ഫാക്ടറിയിലേക്ക് കൊണ്ടുപോയി ലോക്കപ്പില്‍ ഇട്ടു. അത് ഒരു യഥാര്‍ത്ഥ പൊലീസ് സ്‌റ്റേഷനല്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാനായില്ല’ കര്‍ഷകന്‍ പറഞ്ഞു.

‘അവര്‍ എന്റെ കുടുംബത്തില്‍ നിന്ന് 2 ലക്ഷം രൂപ ആവശ്യപ്പെട്ടു. അത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ക്ക് നല്‍കി. പക്ഷേ അവര്‍ എന്നെ വിട്ടയച്ചില്ല. കൂടുതല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എന്റെ മകന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സമീപിക്കാന്‍ ധൈര്യം സംഭരിച്ചു’വെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പ്രതികളും ഒളിവില്‍ പോയിരിക്കുകയാണ്.

ഫത്തേഗഞ്ച് പൊലീസ് സ്‌റ്റേഷന് കീഴിലുള്ള കസ്ബ ചൗക്കിയിലെ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഒരാളെ കസ്റ്റഡിയിലെടുത്ത് പണം ആവശ്യപ്പെടുന്നതായി വെള്ളിയാഴ്ച വൈകുന്നേരം തങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്നും അതേക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സര്‍ക്കിള്‍ ഓഫിസറെ അയച്ചുവെന്നും ലക്‌നോനൗവില്‍ നിന്ന് 260 കിലോമീറ്റര്‍ വടക്കുള്ള ബറേലിയിലെ സീനിയര്‍ സൂപ്രണ്ട് അനുരാഗ് ആര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു,

സര്‍ക്കിള്‍ ഓഫിസര്‍ കസ്റ്റഡിയിലെടുത്ത വ്യക്തിയെ കണ്ട് അദ്ദേഹത്തിന്റെ മൊഴി എടുത്തു. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചൗക്കി ഇന്‍ ചാര്‍ജിനും മറ്റ് രണ്ട് പൊലീസുകാര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തു.

അതിക്രമിച്ചു കടക്കല്‍, തട്ടിക്കൊണ്ടുപോകല്‍, തെറ്റായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ ആവശ്യപ്പെടുകയും ചെയ്യുക, സ്വമേധയാ പരിക്കേല്‍പ്പിക്കല്‍, ക്രിമിനല്‍ ഭീഷണി, മനഃപൂര്‍വ്വം അപമാനിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് മൂവരെയും സസ്‌പെന്‍ഡ് ചെയ്യുകയും കേസെടുത്തിരിക്കുകയും ചെയ്തതായി ആര്യ പറഞ്ഞു.

സബ് ഇന്‍സ്‌പെക്ടര്‍ സിങ് ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ ഹെറോയിന്‍ കടത്തുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യു.പി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഒരു പൊലീസുകാരന്‍ പറഞ്ഞു. ഉത്തരാഖണ്ഡ് പൊലീസ് ഇയാളെ കാറില്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. എന്നിട്ടും അദ്ദേഹത്തിനെതിരെ ഒരു അന്വേഷണവും നടത്തിയില്ലെന്നും പേരു വെളിപ്പെടുത്തരുതെന്നറിയിച്ച് പൊലീസുകാരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

webdesk13:
whatsapp
line