X

അബുദാബി കിരീടാവകാശിയെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച മോഡി; വ്യാജപ്രചരണം പൊളിച്ചടക്കി അറബ് മാധ്യമം

അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ‘ജയ് ശ്രീറാം’ വിളിച്ചു എന്ന സംഘപരിവാറിന്റെ വ്യാജ പ്രചരണത്തെ പൊളിച്ചടക്കി അറബ് മാധ്യമവും സോഷ്യല്‍ മീഡിയയും. മോഡിയുടെ യു.എ.ഇ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരു ഹിന്ദു ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗത്തിന് തൊട്ടുമുമ്പ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ‘ജയ് ശ്രീറാം’ മുഴക്കിയെന്നായിരുന്നു ചില സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. സത്യം മനസ്സിലാക്കാതെ ചില ദേശീയ മാധ്യമങ്ങള്‍ ഏറ്റുപിടിച്ച് വാര്‍ത്ത കൊടുത്തതോടെ സോഷ്യല്‍ മീഡിയ ആക്ട്‌വിസ്റ്റുകള്‍ വാര്‍ത്തക്കെതിരെ രംഗത്തെത്തി. തെളിവ് സഹിതം വെച്ച് പ്രചരണം പൊളിച്ചടുക്കുകയും ചെയ്തു. ഇതോടെ അറബ് മാധ്യമങ്ങളും വാര്‍ത്തക്കെതിരെ രംഗത്തെത്തി.

മനപ്പൂര്‍വ്വം കെട്ടിച്ചമച്ച വ്യാജ പ്രചരണം മാത്രമാണ് ഇതെന്നും രാഷ്ട്രീയ നേട്ടമായിരുന്നു ഇതിന് പിന്നിലെന്നും അറബ് മാധ്യമങ്ങള്‍ ആരോപിച്ചു. ടൈംസ് നൌ, സീ ന്യൂസ് തുടങ്ങിയ മുഖ്യധാര ദേശീയ ചാനലുകളാണ് സംഘ്പരിവാര്‍ പടച്ചുവിട്ട വ്യാജ വീഡിയോ ഏറ്റുപിടിച്ച് പ്രചരിപ്പിച്ചത്.

2016 സെപ്റ്റംബറില്‍ ഗുരു മൊരാരി ബാപ്പുവിന്റെ നേതൃത്വത്തില്‍ അബുദാബിയില്‍ നടന്ന രാം കഥ എന്ന പരിപാടിയില്‍ യുഎഇയിലെ എഴുത്തുകാരനായ സുല്‍ത്താന്‍ സൗഊദ് അല്‍ കസിമി സംസാരിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുകാണ്ടായിരുന്നു വ്യാജ പ്രചരണം.

ആയിരക്കണക്കിന് പേരാണ് മണിക്കൂറുകള്‍ക്കകം വീഡിയോ ഷെയര്‍ ചെയ്തത്. അബുദാബി കിരീടാവകാശിയെ കൊണ്ട് പോലും ജയ് ശ്രീറാം വിളിപ്പിച്ച ലോക നേതാവാണ് മോദി എന്ന തരത്തിലായിരുന്നു വീഡിയോ റീട്വീറ്റ് ചെയ്ത മിക്കവരുടെയും കമന്റുകള്‍. ദേശീയ ചാനലുകള്‍ നല്‍കിയ വാര്‍ത്ത വിശ്വസിച്ച് ഒട്ടേറെ പ്രാദേശിക മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയിരുന്നു. അബദ്ധം പിണഞ്ഞെന്ന് തിരിച്ചറിഞ്ഞതോടെ ചിലര്‍ ഇത് നീക്കം ചെയ്യുകയും മറ്റു ചിലര്‍ സുല്‍ത്താന്‍ സൗഊദ് അല്‍ കസിമിയുടെ പ്രസംഗം എന്ന നിലയിലേക്കും വാര്‍ത്ത മാറ്റുകയായിരുന്നു.

 

 സുല്‍ത്താന്‍ സൗഊദ് അല്‍ കസിമിയുടെ പ്രസംഗം

chandrika: