നോട്ടുനിരോധനം മുതല്‍ ഉപ്പുവരെ ഒട്ടേറെ വ്യാജവാര്‍ത്തകള്‍ക്കിടയാക്കിയ വര്‍ഷമായിരുന്നു 2016. വാട്‌സാപ്പിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പ്രചരിച്ച കിംവദന്തികള്‍ മുഖ്യധാരാ മാധ്യമങ്ങളെയടക്കം വെട്ടിലാക്കിയ വര്‍ഷമായിരുന്നു കഴിഞ്ഞത്. പതിവുപോലെ യുണെസ്‌കോ, റിസര്‍വ് ബാങ്ക് , ഫേസ്ബുക്ക് തുടങ്ങിയ സ്ഥാപനങ്ങളെയും വ്യാജവാര്‍ത്ത പരത്താന്‍ പലരും ഇത്തവണയും കൂട്ടുപിടിച്ചു.
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍മീഡിയ മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ ചെലുത്തുന്ന സ്വാധീനം മനസിലാക്കിയ വിരുതന്‍മാരാണ് പലപ്പോഴും വ്യാജവാര്‍ത്തകള്‍ പടച്ചു വിട്ടത്. ബിജെപി സര്‍ക്കാരിനെ അനുകൂലിക്കുന്നവരാണ് മിക്കവാര്‍ത്തകള്‍ക്കും പിന്നിലെന്ന് വാര്‍ത്തകളില്‍ നിന്നു തന്നെ മനസിലാക്കാം.
1. നരേന്ദ്രമോദിയെ യുണെസ്‌കോ ലോകത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും വ്യാപകമായാണ് ഈ വ്യാജവാര്‍ത്ത ചിലര്‍ ചേര്‍ന്ന് പ്രചരിപ്പിച്ചത്.
2. ജനഗണമനയെ യുണെസ്‌കോ മികച്ച ദേശീയ ഗാനമായി തെരഞ്ഞെടുത്തു
ഈ വ്യാജ വാര്‍ത്തയ്ക്കും കൂട്ടുപിടിച്ചത് യുണെസ്‌കോയെ തന്നെ. 2008 മുതല്‍ പ്രചരിക്കാന്‍ തുടങ്ങിയ ഈ വാര്‍ത്ത യുഎന്‍ ഏജന്‍സിയുടെ തന്നെ ശ്രദ്ധയില്‍ പതിയുകയും ചെയ്തു.
3. പുതിയ 2000 രൂപാ നോട്ട് ലോകത്തെ മികച്ച കറന്‍സിയായി തെരഞ്ഞെടുക്കപ്പെട്ടു
നോട്ട് നിരോധനത്തിനിടെ ബിജെപി അണികള്‍ പ്രചരിപ്പിച്ചതാണ് ഈ കള്ളക്കഥയും. യുണെസ്‌കോയുടെ കള്‍ച്ചറല്‍ ഡിപാര്‍ട്‌മെന്റ് തലവന്‍ സൗരവ് മുഖര്‍ജിയാണ് ഈ സന്ദേശം പ്രചരിപ്പിച്ചതെന്നും വാര്‍ത്തകള്‍ പരന്നു
4. കള്ളപ്പണം പിടികൂടാന്‍ പുതിയ നോട്ടുകള്‍ ജിപിഎസ് ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പരന്ന വ്യാജവാര്‍ത്തകളില്‍ ഒന്നാണിത്. പ്രമുഖ ഇംഗ്ലീഷ് വെബ്‌സൈറ്റ് തന്നെ ഈ വാര്‍ത്ത പടച്ചു എന്നത് വാര്‍ത്താ മാധ്യമങ്ങള്‍ക്കും ചീത്തപ്പേരായി. നോട്ടുകളില്‍ ഘടിപ്പിച്ച നാനോ ചിപ്പുകള്‍ ചാര്‍ജ് കൂടാതെ സ്വയം പ്രവര്‍ത്തിക്കുകയും, കള്ളപ്പണം എവിടെ ഒളിപ്പിച്ചാലും പിടിക്കാന്‍ സഹായിക്കുമെന്നുമായിരുന്നു അപവാദം. എന്നാല്‍ ഈ വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിച്ച് ഒടുവില്‍ റിസര്‍വ് ബാങ്ക് തന്നെ രംഗത്തെത്തി.
5. പുതിയ രണ്ടായിരം രൂപ അച്ചടിക്കാന്‍ ഉപയോഗിച്ചത് റേഡിയോ ആക്ടീവ് മഷി
ഇതും പരന്നത് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട്. ഫോസ്ഫറസിന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പായ (P32) ആണ് ഇതിനായി ഉപയോഗിച്ചതെന്നായിരുന്നു വാര്‍ത്ത. വലിയ തോതില്‍ നോട്ടുകള്‍ എവിടെ ഒളിപ്പിച്ചാലും ഇന്‍കംടാക്‌സ് ഡിപാര്‍ട്‌മെന്റിന് സന്ദേശം പോകുമെന്നായിരുന്നു വാര്‍ത്ത.
6. ഐസിസ് തീവ്രവാദികള്‍ വാട്‌സ്ആപ്പ് പ്രൊഫൈല്‍ പിക്ചറുകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചേക്കാം
ഡല്‍ഹി പൊലീസ് കമ്മീഷണറുടേതെന്ന് കരുതുന്ന ഒരു സന്ദേശമാണിത്. അമ്മമാരും സഹോദരിമാരും വാട്‌സ്ആപ്പ് പ്രൊഫൈല്‍ പിക്ചറുകള്‍ ഡിലീറ്റ് ചെയ്യണമെന്നും ഇത് തീവ്രവാദികള്‍ ഉപയോഗിച്ചേക്കാമെന്നുമായിരുന്നു പ്രചരിച്ചത്. എന്നാല്‍ പിന്നീടിത് ഫേസ്ബുക്ക് മേധാവിയുടെ പേരിലാക്കി പ്രചരണം തുടങ്ങി.
മറ്റു ചില വ്യാജ വാര്‍ത്തകള്‍
7. 10 രൂപാ നാണയം റിസര്‍വ് ബാങ്ക് അസാധുവാക്കി പ്രഖ്യാപിച്ചു.
8. അമേരിക്കയില്‍ ജയലളിതക്ക് രഹസ്യ മകളുണ്ട്
9. ഇന്ത്യയില്‍ ഉപ്പിന് കടുത്ത പ്രതിസന്ധി
10. ആല്‍മരം പോലെ നെഹ്‌റു ഗവര്‍മെന്റ് നില്‍ക്കുന്നു- മാര്‍ക്ക് ടൂലി
ബിബിസിയുടെ ഇന്ത്യയിലെ ബ്യൂറോ ചീഫായ മാര്‍ക്ക് ട്യൂലിയുടെ പേരിലായിരുന്നു ഈ വ്യാജവാര്‍ത്ത. മോദി സര്‍ക്കാരിന് നെഹ്‌റു ഗവര്‍മെന്റ് നടപ്പാക്കിയ പല നയങ്ങളാലും പ്രവര്‍ത്തിക്കാനാവുന്നില്ലെന്നും അതിനാല്‍ മോദിയെ സപ്പോര്‍ട്ട് ചെയ്യണമെന്നുമായിരുന്നു കിംവദന്തി. ആല്‍മരത്തിന് ചുവടെ ഒന്നും വളരില്ലെന്ന പോലെയാണ് ഈ അവസ്ഥയെന്നാണ് കഴിഞ്ഞ മാസം ആദ്യം പ്രചരിച്ചത്.