X

കൂട്ടപ്പലായനത്തിന് കാരണം വ്യാജവാര്‍ത്ത; പാര്‍ലമെന്റില്‍ കുടിയേറ്റ തൊഴിലാളികളെ അപമാനിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ നാടുകളിലേക്ക് തിരിച്ചു പോയത് വ്യാജവാര്‍ത്ത മൂലമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. പലായനത്തിനിടെ മരിച്ചവരുടെ എണ്ണത്തെ കുറിച്ച് വിവരമില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് തൊഴിലാളികളെ അപമാനിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ വീണ്ടും നിലപാടെടുത്തത്.

തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മാലാ റോയിയുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയമാണ് ഈ ഞെട്ടിക്കുന്ന മറുപടി നല്‍കിയത്.

ലോക്ക്ഡൗണ്‍ കാലത്ത് വ്യാജവാര്‍ത്തയാണ് കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. ഭക്ഷണം, കുടിവെള്ളം, താമസം, ആരോഗ്യസേവനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളില്‍ അവര്‍ക്ക് ഉത്കണ്ഠയുണ്ടായി. സര്‍ക്കാര്‍ ഇതേക്കുറിച്ച് ബോധവാന്മാരായിരുന്നു. ഒരു പൗരനും ഭക്ഷണമോ വെള്ളമോ കിട്ടാതെ കഷ്ടപ്പെടേണ്ടി വന്നില്ല- ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.

കഴിഞ്ഞ ദിവസം കുടിയേറ്റത്തിനിടെ എത്ര പേര്‍ മരിച്ചുവെന്ന ചോദ്യത്തിന് അത്തരത്തില്‍ ഒരു കണക്ക് സര്‍ക്കാറിന്റെ പക്കലില്ല എന്നും അതു കൊണ്ടു തന്നെ ആ ചോദ്യം ഉദിക്കുന്നില്ല എന്നുമാണ് തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‌വാര്‍ ലോക്‌സഭയില്‍ പറഞ്ഞിരുന്നത്.

Test User: