കോഴിക്കോട്: മലയാളികള്‍ ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നുവെന്ന് വ്യാജ പ്രചാരണം. ഇതേ തുടര്‍ന്ന് തൊഴിലാളികളില്‍ ഏറെ പേരും നാട്ടിലേക്ക് മടങ്ങുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കോഴിക്കോട് പൊലീസിന് പരാതി നല്‍കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് കേരളത്തിനെതിരെ ഇത്തരത്തില്‍ വ്യാജ പ്രചാരണം നടക്കുന്നത്.
സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയുടേത് മുതല്‍ സംസ്ഥാനത്തിന് പുറത്ത് നടന്ന ചില സംഭവങ്ങളുടേതടക്കമുള്ള ചിത്രങ്ങളാണ് വ്യാജ പ്രചരണത്തിനായി ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് വ്യാപകമായി ഇതര സംസ്ഥാന തൊഴിലാളികളെ തല്ലി കൊല്ലുന്നുവെന്നാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ വാട്‌സ് അപ്പ് ഗ്രൂപ്പുകളിലടക്കം നടക്കുന്ന പ്രചരണം.
ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ക്കിടയിലാണ് വ്യാപകമായ രീതിയില്‍ ഇത് പ്രചരിക്കുന്നത്. സന്ദേശങ്ങള്‍ നാട്ടിലേക്ക് എത്തിയതോടെ മടങ്ങി ചെല്ലാന്‍ ആവശ്യപ്പെട്ട ബന്ധുക്കളുടെ ഫോണ്‍ വിളികളും നിരന്തരമായി എത്തുന്നതായി ഇതര സംസ്ഥാന തൊഴിലാളികള്‍ പറയുന്നു.
രണ്ട് ദിവസത്തിനുള്ളില്‍ കോഴിക്കോട്ടെ ഹോട്ടല്‍ മേഖലയില്‍ നിന്ന് മാത്രം 200 ലധികം തൊഴിലാളികള്‍ മടങ്ങിയതായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ വിശദമാക്കി.