സൈബര്‍ സെല്ലിന്റെ പേരില്‍ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം ലഭിച്ച വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ആദിനാഥ് (16) ആണ് മരിച്ചത്. ബുധനാഴ്ചയാണ് വിദ്യാര്‍ഥിയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ചേവായൂരിലാണ് സംഭവം.
ലാപ്പ്‌ടോപ്പില്‍ സിനിമ കാണുന്നതിനിടെയാണ് 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. 6 മണിക്കൂറിനുള്ളില്‍ പണം നല്‍കണമെന്നായിരുന്നു ആവശ്യം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ പണം ആവശ്യപ്പെട്ടതെന്നാണ് വിവരം. നിയമ വിരുദ്ധമായ സൈറ്റിലാണ് കയറിയിട്ടുള്ളതെന്നും പണം തന്നില്ലെങ്കില്‍ പൊലീസില്‍ വിവരം അറിയിക്കുമെന്നും അറസ്റ്റ് രേഖപ്പെടുത്തുമെന്നും ആയിരുന്നു ലഭിച്ച സന്ദേശം.
പറഞ്ഞ തുക നല്‍കിയിട്ടില്ലെങ്കില്‍ 2 ലക്ഷം രൂപയാണ് പിഴ അടയ്‌ക്കേണ്ടതെന്നും രണ്ട് വര്‍ഷം തടവും അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം