മലപ്പുറം: വ്യാജഹര്‍ത്താലിന്റെ പേരിലുണ്ടായ അക്രമങ്ങള്‍ നിയന്ത്രണരഹിതമായതിനെ തുടര്‍ന്ന് താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഒരാഴ്ച്ചയിലേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറില്‍ പതിനൊന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
ഇന്നലെയാണ് ജനകീയ ഹര്‍ത്താലെന്ന പേരില്‍ വ്യാജസന്ദേശം പ്രചരിച്ചത്. വാട്‌സ്അപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സന്ദേശം പ്രചരിച്ചതോടെ ജനങ്ങള്‍ ആശങ്കയിലായി. ഇന്ന് പലയിടങ്ങളിലും ആളുകള്‍ കൂട്ടംകൂടി വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയുമായിരുന്നു. സംസ്ഥാനത്ത് നിരവധിയിടങ്ങളില്‍ ഹര്‍ത്താലിന്റെ പേരില്‍ അക്രമവും നടന്നു.