ന്യൂഡല്‍ഹി: അസമിലെ കൗമാര ഗായിക നഹീദ് ആഫ്രിനെതിരെ മുസ്ലിം പണ്ഡിതന്മാര്‍ മതവിധി (ഫത്വ) പുറപ്പെടുവിച്ചുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രമുഖ ടെലിവിഷന്‍ ചാനലായ എന്‍.ഡി.ടി.വി മാപ്പു ചോദിച്ചു. ബോളിവുഡ് സിനിമയിലടക്കം പാടി കഴിവു തെളിയിച്ച അഫ്രിനെതിരെ 46 പണ്ഡിതന്മാര്‍ ചേര്‍ന്ന് ഫത്വ പുറപ്പെടുവിച്ചു എന്നായിരുന്നു എന്‍.ഡി.ടി.വിയും ടൈംസ് ഓഫ് ഇന്ത്യയുമടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്ത തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടിട്ടും പല മാധ്യമങ്ങളും തിരുത്താന്‍ വിസമ്മതിക്കുന്നതിനിടെയാണ് എന്‍.ഡി.ടി.വി അവതാരകന്‍ രവീഷ് കുമാര്‍ പ്രൈം ടൈമില്‍ മാപ്പു ചോദിച്ചത്.
ഫേസ്ബുക്ക് ഗ്രൂപ്പായ ‘ബീഫ് ജനതാ പാര്‍ട്ടി’യും മാപ്പു പറഞ്ഞിട്ടുണ്ട്.
ടെലിവിഷന്‍ ചാനലിലെ മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ 2015-ാം സീസണില്‍ റണ്ണറപ്പായ നഹീദ് ആഫ്രിന്‍ പൊതുവേദിയില്‍ പാടുന്നതിനെ വിലക്കിക്കൊണ്ട് 46 പണ്ഡിതന്മാര്‍ ഫത്വ നല്‍കി എന്നതായിരുന്നു പ്രചരിച്ച വാര്‍ത്ത. ആഫ്രിന്റെ ഗാനമേളയില്‍ പങ്കെടുക്കുന്നത് ഇസ്ലാം വിരുദ്ധമാണെന്നും ദൈവകോപം വിളിച്ചുവരുത്തുമെന്നും കാണിച്ച് ഒരു മുസ്ലിം സംഘടന പോസ്റ്റര്‍ പതിച്ചിരുന്നു. ഇതില്‍ ഒപ്പുവെച്ച 46 പേരെ ‘പണ്ഡിന്മാരാക്കി’യാണ് വ്യാജ വാര്‍ത്ത കൊഴുപ്പിച്ചത്. ബഹിഷ്‌കരണാഹ്വാനത്തെ ചില പ്രാദേശിക മാധ്യമങ്ങള്‍ മതവിധിയായി ചിത്രീകരിച്ചതോടെ ദേശീയ മാധ്യമങ്ങളും അത് ഏറ്റെടുക്കുകയായിരുന്നു. ഫത് വക്കു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റിന് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ആഫ്രിനെ പാടാന്‍ അനുവദിക്കാതിരിക്കുന്നതിനെ അപലപിച്ചും സംരക്ഷണം നല്‍കുമെന്ന് വ്യക്തമാക്കിയും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവല്‍ ട്വീറ്റ് ചെയ്തിരുന്നു. നഹീദ് ആഫ്രിന് പിന്തുണയുമായി തസ്ലീമ നസ്രിനും രംഗത്തെത്തി. ‘ഫത്വ’യെപ്പറ്റി മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന് 16-കാരിയായ ആഫ്രിനും കുടുംബവും പറഞ്ഞു.