X

വ്യാജ ഡോക്ടര്‍ ഉപയോഗിച്ചത് അതേ പേരുള്ള ഡോക്ടറുടെ രജിസ്‌ട്രേഷന്‍; ഹോസ്പിറ്റല്‍ ഉടമകള്‍ ഭീഷണിപ്പെടുത്തി

വഴിക്കടവില്‍ പിടിയിലായ വ്യാജ ഡോക്ടര്‍ നോര്‍ത്ത് പറവൂര്‍ സ്വദേശി രതീഷ് ഉപയോഗിച്ചിരുന്നത് ഇതേ പേരുള്ള മറ്റൊരു ഡോക്ടറുടെ റെജിസ്‌ട്രേഷന്‍ നമ്പര്‍. ആരെങ്കിലും പരിശോധന നടത്തിയാലും പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടി കൃത്യമായ ആസൂത്രണം നടത്തിയാണ് ഇയാള്‍ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയത്. ഇയാള്‍ അവ്യക്തമായ സീല്‍ ആണ് ഉപയോഗിച്ചിരുന്നത് എന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

ഇ.സി.ജി അടക്കമുള്ള ചികിത്സാ രീതികള്‍ ഇയാള്‍ പുസ്തകങ്ങള്‍ വായിച്ചും ഇന്റര്‍നെറ്റില്‍ പരിശോധിച്ചുമാണ് മനസ്സിലാക്കിയിരുന്നത് . മേഖലയില്‍ മറ്റു പ്രധാന ഹോസ്പിറ്റലുകളില്ലാത്തതിനാല്‍ സാധാരണക്കാരടക്കം നിരവധി ആളുകളാണ് നിത്യേന ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തിയിരുന്നത്.

രതീഷ് യഥാര്‍ത്ഥ ഡോക്ടറല്ല എന്ന കാര്യം ഹോസ്പിറ്റല്‍ ഉടമയായ ഷാഫിയും മാനേജര്‍ സമീറും മനസ്സിലാക്കിയിരുന്നു. ഇതോടെ ഇവിടെ നിന്നും പോകാന്‍ ശ്രമിച്ച രതീഷിനെ ഷാഫി ഭീഷണിപ്പെടുത്തി ഹോസ്പിറ്റലില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഷാഫി രതീഷിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

രതീഷ് മറ്റെവിടെയെങ്കിലും ചികിത്സ നടത്തിയിരുന്നോ എന്നും അന്വേഷിച്ചു വരുന്നുണ്ട്. 2018 മുതല്‍ ആണ് രതീഷ് ഇവിടെ ഡോക്ടര്‍ ചമഞ്ഞ് ചികിത്സിക്കാന്‍ തുടങ്ങിയത്. പോലീസ് പരിശോധന നടത്തിയ ഇന്നലെ മാത്രം ഇയാള്‍ 37 രോഗികളെ പരിശോധിച്ചിരുന്നു. മുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ സാന്നിദ്ധ്യത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഫാര്‍മസിസ്റ്റ് അടക്കമുള്ള മതിയായ അടിസ്ഥാന സൗകര്യമില്ലാതെയാണ് ഹോസ്പിറ്റല്‍ നടത്തിവന്നിരുന്നത്. ആശുപത്രിക്ക് എതിരെ നടപടി എടുക്കാന്‍ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി.

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം ആശുപത്രി റെജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് ആണ് വകുപ്പ് പരിശോധിക്കുക.ഇത് വരെ പരാതികള്‍ ഉയരാതിരുന്ന സാഹചര്യത്തില്‍ ആണ് ആരോഗ്യ വകുപ്പ് മുന്‍പ് അന്വേഷണം നടത്താതിരുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍.

webdesk14: