അജ്മാന്‍: ഫേസ്ബുക്ക് വഴി കള്ളനോട്ട് വില്‍പ്പന നടത്തിവന്ന യുവാവിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നോട്ടിന്റെ മൂല്യത്തിന്റെ പകുതി വിലക്കാണ് ഇയാള്‍ വ്യാജനോട്ടുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ അജ്മാന്‍ പൊലീസ് ക്രിമിനല്‍ അന്വേഷണ വിഭാഗം (സി.ഐ.ഡി) ഇയാള്‍ക്കായി കെണിയൊരുക്കുകയായിരുന്നു.
ഫേസ്ബുക്ക് വഴിയായിരുന്നു യുവാവ് ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്ന് അജ്മാന്‍ പൊലീസ് സി.ഐ.ഡി ഡയറക്ടര്‍ ലഫ്. കേണല്‍ അഹ്മദ് സഈദ് അല്‍ നുഐമി പറഞ്ഞു. പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. പൊലീസ് സംഘം ഇയാളെ സമീപിച്ച് 20,000 അമേരിക്കന്‍ ഡോളര്‍ ആവശ്യപ്പെട്ടു. 37,000 യു.എ.ഇ ദിര്‍ഹത്തിന് 20,000 അമേരിക്കന്‍ ഡോളര്‍ നല്‍കാമെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു.
നിശ്ചയിച്ചുറപ്പിച്ചതനുസരിച്ച് 30 വയസുകാരനായ അറബ് പൗരന്‍ അല്‍ റാഷിദിയ പ്രദേശത്തെത്തി. വ്യാജ ഡോളറായിരുന്നു ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഇടപാടുകാരെ കബളിപ്പിക്കുന്നതിനായി 100 ഡോളറിന്റെ വലിപ്പത്തിലുള്ള കടലാസുകളും കരുതിയിരുന്നു. കൈയോടെ പിടികൂടിയ പൊലീസ് സംഘം പ്രതിയെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.