മലപ്പുറം: വളാഞ്ചേരിയില്‍ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി സ്വകാര്യ ലാബ് തട്ടിയത് ലക്ഷങ്ങള്‍. അര്‍മ ലാബാണ് തട്ടിപ്പ് നടത്തിയത്. വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കി 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് പോയവര്‍ അവിടെ നടത്തിയ പരിശോധനയില്‍ പൊസിറ്റിവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. പരാതിയില്‍ ലാബ് മാനേജര്‍ അറസ്റ്റിലായെങ്കിലും ഒരു പരാതി മാത്രമാണ് പൊലിസ് അന്വേഷിക്കുന്നത്.
2500 പേരുടെ പരിശോധനാ ഫലം അര്‍മാ ലാബ് പരിശോധനക്കായി ശേഖരിച്ചിരുന്നു. ഇതില്‍ കോഴിക്കോട് മൈക്രോ ലാബിലേക്ക് 500 എണ്ണം അയച്ചു. ബാക്കി 2000 പേര്‍ക്കും സ്രവം പരിശോധിക്കാതെ തന്നെ മൈക്രോ ലാബിന്റെ വ്യാജ ലെറ്റര്‍ പാഡില്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുത്തു. ഇത്തരത്തില്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഒരാള്‍ ദുബായിലെത്തി നടത്തിയ പരിശോധനയില്‍ പോസിറ്റിവ് ആയി. 2750 രൂപ ഓരോരുത്തരോടും പരിശോധനക്കായി വാങ്ങിയാണ് ഈ തട്ടിപ്പ് നടത്തിയത്.
കരിപ്പൂര്‍, കണ്ണൂര്‍ അടക്കമുള്ള വിമാനത്താവളങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം ദുബായിലേക്ക് പോകേണ്ടിയിരുന്ന നിരവധി പേരുടെ യാത്ര മുടങ്ങിയിരുന്നു. മൈക്രോ ഹെല്‍ത്ത് ലാബടക്കം രാജ്യത്തെ നാല് ലാബുകളെ വിലക്കിക്കൊണ്ട് ദുബായ് വ്യോമയാന അതോറിറ്റ എയര്‍ലൈന്‍സുകള്‍ക്ക് നോട്ടീസ് നല്‍കിയതിനാല്‍ അവിടുത്തെ സര്‍ട്ടിഫിക്കറ്റുമായി എത്തിയവര്‍ക്ക് യാത്രാനുമതി നിഷേധിച്ചിരുന്നു. ഇതു സംബന്ധിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുമിട്ടിരുന്നു. കേരളത്തിലെ മൈക്രോ ലാബില്‍ നിന്ന് നടത്തിയ പരിശോധന സ്വീകരിക്കില്ലെന്ന് അറിയിച്ചായിരുന്നു ഈ പോസ്റ്റ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.