ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് നേരെയുണ്ടായ വ്യാജ ബോംബ് ഭീഷണിയില്‍ ഒരാള്‍ അറസ്റ്റില്‍. ഉത്തം നഗര്‍ സ്വദേശിയായ ശുഭം ഉപാധ്യായ(25)യാണ് ഡല്‍ഹിയില്‍ പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തിലെ ബോംബ് ഭീഷണിയിലാണ് ഇയാൾ അറസ്റ്റിലായത്. ടിവിയില്‍ സമാനമായ ഭീഷണി വാര്‍ത്തകള്‍ കണ്ടപ്പോള്‍ പ്രശസ്തിക്കു വേണ്ടിയാണ് പ്രതി ഭീഷണി സന്ദേശം അയച്ചതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.
ഇതുവരെ നടന്ന ഭീഷണികളില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ആളാണ് ശുഭം ഉപാധ്യായ. കഴിഞ്ഞയാഴ്ച 17 വയസുകാരനെ മുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയും ഇന്ന് പുലര്‍ച്ചെയ്ക്കുമിടയില്‍ രണ്ട് ഭീഷണി സന്ദേശം ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി വിമാനത്താവളത്തിന് നേരെയുണ്ടായതായി പൊലീസ് പറഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സന്ദേശം അയച്ചത് ശുഭമാണെന്ന് കണ്ടെത്തുകയായിരുന്നു. സമൂഹമാധ്യമം വഴിയായിരുന്നു ശുഭം ഭീഷണിപ്പെടുത്തിയത്. ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പൊലീസ് അറിയിച്ചു
അതേസമയം രാജ്യത്ത് വിമാനങ്ങള്‍ക്ക് നേരെയുള്ള ഭീഷണി വര്‍ധിക്കുകയാണ്. ഒക്ടോബര്‍ 14 മുതല്‍ 275 വിമാനങ്ങള്‍ക്കാണ് ഭീഷണിയുണ്ടായത്. കഴിഞ്ഞ ദിവസം മാത്രം 25 ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നേരെയാണ് ഭീഷണി ഉണ്ടായത്.