X

32 എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കൂടി വ്യാജ ബോംബ് ഭീഷണി

32 എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കൂടിവ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ചയാണ് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്. നിയമനടപടികളുമായി മുന്നോട്ട് പോകുമ്പോഴും ബോംബ് ഭീഷണികള്‍ക്ക് കുറവില്ല. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നിന്നും യാത്രതിരിച്ച ഏഴോളം വിമാനങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ വിമാനത്തിനും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.

ക?ഴിഞ്ഞ രണ്ടാഴ്ചക്കിടെ 400 വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇത് വ്യോമയാന മേഖലയില്‍ ആകെ ആശങ്കയുണ്ടാക്കിയിരുന്നു. തുടര്‍ന്ന് മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളോട് കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

വിമാന സര്‍വിസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണികള്‍ തുടരുന്നതിനിടെ സമൂഹ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം. വ്യാജ ഭീഷണി സന്ദേശങ്ങള്‍ അയക്കുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്നതായി കണക്കാക്കുമെന്നും ഐ.ടി മന്ത്രാലയം സമൂഹ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വ്യാജ ബോംബ് ഭീഷണിയുള്‍പ്പെടെ കാര്യങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ പ്രസിദ്ധീകരിക്കപ്പെടാതിരിക്കാന്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ജാഗരൂകരാകണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. പങ്കുവെക്കാനുള്ള സൗകര്യം ഉള്ളതുകൊണ്ടുതന്നെ ഇത്തരം ഭീഷണികള്‍ കൂടുതല്‍ ആളുകളിലേക്കെത്തുകയും വലിയ ഭീതിക്ക് കാരണമാവുകയും ചെയ്യുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

വിമാന സര്‍വിസുകളുടെ സുരക്ഷക്കുപുറമെ സാമൂഹിക വ്യവസ്ഥക്കും ഇത്തരം വ്യാജ ഭീഷണികള്‍ വെല്ലുവിളിയാണ്. ഇത്തരം ഉള്ളടക്കങ്ങള്‍ നിശ്ചിത സമയത്തില്‍ നീക്കുകയോ അനുമതി നിഷേധിക്കുകയോ ചെയ്യാന്‍ 2021ലെ ഐ.ടി ചട്ടങ്ങള്‍ അനുശാസിക്കുന്നുണ്ട്. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ എന്നിവക്ക് വെല്ലുവിളിയാവുന്ന കാര്യങ്ങള്‍ പങ്കുവെക്കപ്പെട്ടാല്‍ കൃത്യമായി അധികൃതരെ അറിയിക്കാന്‍ നിയമം മൂലം സമൂഹ മാധ്യമങ്ങള്‍ ബാധ്യസ്ഥരാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

webdesk13: