X

മതത്തിന്റെ അതിര്‍ വരമ്പുകളില്ലാതെ ഫഹദും വിവേക് ലാലും; ഫൈസലിന്റെ ഘാതകര്‍ തലകുനിക്കും

തിരൂരങ്ങാടി: ഒരുമിച്ച് കളിക്കണം, ഒന്നിച്ച് ഉണ്ണണം, ഒരുമിച്ച് ഉറങ്ങണം. ഫഹദിന്റെയും വിവേക് ലാലിന്റെയും നിഷ്‌കളങ്കതക്ക് മുമ്പില്‍ വര്‍ഗീയ വാദികള്‍ തലകുനിക്കും. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്റെ തിരുത്തിയിലെ ബന്ധുവീട്ടിലാണ് അറ്റുപോകാത്ത സ്‌നേഹബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും കാഴ്ചയുള്ളത്.

വര്‍ഗീയ വാദികളാല്‍ കൊലചെയ്യപ്പെട്ട ഫൈസലിന്റെ മകനാണ് ഫഹദ്. വിവേക് ലാലാവട്ടെ ഫൈസലിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് പൊലീസ് പിടിയിലായ സഹോദരീ ഭര്‍ത്താവ് വിനോദിന്റെ മകനും. ഫൈസലിന്റെ മരണശേഷം അമ്മ മീനാക്ഷി, ഫൈസലിന്റെ സഹോദരിമാരായ കവിത, സവിത എന്നിവരും മക്കളും തിരുത്തിയിലെ ബന്ധുവീട്ടിലാണ് താമസം. ഈ വീട്ടുകാരും രണ്ടര പതിറ്റാണ്ടു മുമ്പ് ഇസ്‌ലാം മതമാശ്ലേഷിച്ചവരാണ്. െ

ഫെസലിന്റെ വിധവ ജസ്‌നക്ക് ഇദ്ദ ഇരിക്കുന്നതിന് കാവലിരിക്കുന്നത് അമ്മ മീനാക്ഷിയാണ്. ഇത്തരത്തിലുള്ള നിരവധി മത സൗഹാര്‍ദങ്ങളുടെ കാഴ്ചയാണ് ഈ വീട്ടിലുള്ളത്.

ഫഹദ് കൊടിഞ്ഞി ഐ.ഇ.സി സ്‌കൂളിലെ മൂന്നാം ക്ലാസിലും വിവേക് ലാല്‍ മേലേപ്പുറം വിദ്യാനികേതന്‍ സ്‌കൂളിലെ ആറാം ക്ലാസിലുമാണ് പഠിക്കുന്നത്. ഫൈസലിന്റെ കൊലപാതകത്തിന് ശേഷം ഈ കുട്ടികള്‍ ഇന്നലെ മുതലാണ് സ്‌കൂളില്‍ പോകാന്‍ തുടങ്ങിയത്.

ഫൈസലും കുടുംബവും മതം മാറിയതോടെ വിനോദിന്റ പരസ്യമായ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും മറ്റു കുടുംബങ്ങള്‍ ഫൈസലിന്റെ തീരുമാനത്തോടൊപ്പം നിന്നു. ആ തീരുമാനം ശരിവെക്കുന്നതാണ് ഫൈസലിനെ അതിനിഷ്ഠൂരമായി വര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയതിന് ശേഷവും ജസ്‌നക്കും കുട്ടികള്‍ക്കുമൊപ്പമുള്ള ഇവരുടെ സഹവാസം.

chandrika: