X

കൊടിഞ്ഞി ഫൈസല്‍ വധം: ഒരു വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രം കടലാസില്‍ തന്നെ, കേസില്‍ സര്‍ക്കാറിന് സംഘ്പരിവാര്‍ നയം

യു.എ റസാഖ്

തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി അനില്‍ കുമാര്‍ എന്ന ഫൈസലിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയിട്ട് വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രമെന്നത് കടലാസിലൊതുങ്ങുന്നു. കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍ നിലച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. സാമുദായിക സ്പര്‍ദ്ദയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കൊലപാതകത്തില്‍ സര്‍ക്കാര്‍ പ്രതികള്‍ക്ക് സഹായകമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തുടക്കം മുതലുള്ള ആക്ഷേപമാണ്. അത് സാധൂകരിക്കുന്ന തരത്തിലാണ് സര്‍ക്കാറിന്റെ ഒരോ പ്രവര്‍ത്തനവും. ഏറ്റവും അവസാനം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായ വേളയില്‍ അന്വേഷണ സംഘത്തലവനെ മാറ്റുകയും പകരം ആളെ നിയമിക്കാതിരിക്കുകയും ചെയ്തത് ഉദാഹരമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊല്ലപ്പെടുന്നതിന്റെ മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ വെച്ചാണ് ഫൈസല്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നത്. നാട്ടിലെത്തിയ അന്ന് തന്നെ ഫൈസലിന്റെ ഭാര്യ ജസ്‌നയും മൂന്ന് മക്കളും ഇസ്‌ലാം മതത്തിലേക്ക് വന്നു. തുടര്‍ന്ന് മറ്റു ബന്ധുക്കള്‍ കൂടി ഫൈസലിന്റെ മാര്‍ഗ്ഗം സ്വീകരിക്കുമെന്ന ആശങ്കയില്‍ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് വിനോദ് ആര്‍.എസ്.എസ് നേതാക്കളോട് കാര്യങ്ങള്‍ ധരിപ്പിക്കുകയും 2016 നവംബര്‍ 19ന് പലര്‍ച്ചെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഗള്‍ഫിലേക്ക് മടങ്ങുന്നതിന്റെ തലേദിവസമായിരുന്നു സംഭവം.

തിരുവനന്തപുരം സ്വദേശികളായ ഭാര്യപിതാവിനെയും ബന്ധുക്കളെയും താനൂര്‍ റയില്‍വെ സ്‌റ്റേഷനില്‍ നിന്നും കൂട്ടുന്നതിന് വേണ്ടി തന്റെ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഫൈസലിനെ ബൈക്കില്‍ പിന്തുടര്‍ന്ന നാല് പേരാണ് കൊലപ്പെടുത്തിയത്. തുടക്കത്തില്‍ രണ്ട് മാസം പോലീസും പിന്നീട് െ്രെകംബ്രാഞ്ചും അന്വേഷിച്ച കേസില്‍ ആര്‍.എസ്.എസ് നേതാക്കളടക്കം പതിനാറ് പേരാണ് പിടിയിലായിരുന്നത്. പതിനൊന്ന് പേരെ മലപ്പുറം ഡി.വൈ.എസ്.പി പി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘവും അഞ്ച് പേരെ െ്രെകംബ്രാഞ്ച് സംഘവുമാണ് പിടികൂടിയത്. എന്നാല്‍ എല്ലാവര്‍ക്കും ജില്ലാ കോടതിയില്‍ നിന്ന് തന്നെ ജാമ്യം ലഭിച്ചു. ഇത്തരം പ്രമാദമായ കേസുകളില്‍ ജില്ലാ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നത് ഇത് ആദ്യമാണ്. എന്നാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പോലും സര്‍ക്കാര്‍ തെയ്യാറായില്ല. അതോടൊപ്പം ഫൈസലിന്റെ മാതാവ് പി.കെ അബ്ദുറബ്ബ് മുഖേന സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ വളരെ വൈകിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. കൂടാതെ കുടുംബത്തിനുള്ള ധനസഹായവും ഭാര്യക്ക് ജോലിയും നല്‍കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത് മൂന്ന് പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന കുടുംബത്തോട് സര്‍ക്കാര്‍ ചെയ്ത അനീതിയുമായി.

അവസാനം ഫൈസലിനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയതിന് പോലീസിന് വ്യക്തമായ തെളിവ് ലഭിച്ച മൂന്ന് ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ക്കെതിരെയും മുഖ്യപ്രതികളെ അടക്കം രണ്ട് മാസത്തിലതികം ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെയും നടപടി എടുക്കാനാകില്ലെന്ന് പറഞ്ഞ് അന്വേഷണവും പാതിവഴിയില്‍ നിര്‍ത്തി. ഫൈസലിനെ വധിക്കുന്നതിന് യോഗം ചേര്‍ന്ന മേലേപുറം വിദ്യാനികേതന്‍ സ്‌കൂള്‍, ഈ കൊലപാതകത്തിന്റെ നിയമന്ത്രണ ബിന്ദു തിരൂരിലെ ആര്‍.എസ്.എസ് കേന്ദ്രം സംഘ് മന്ദിര്‍, കൊലയാളി സംഘം സഞ്ചരിച്ച ബൈക്ക് ഒളിപ്പിച്ച യൂണിവേഴ്‌സിറ്റിയിലെ സ്ഥാപനം എന്നിവക്കെതിരെ ഒന്നും നടപടി ഉണ്ടായില്ല.

മാത്രവുമല്ല കേസിലെ മുഖ്യസൂത്രധാരനും ആര്‍.എസ്.എസ് നേതാവുമായ മഠത്തില്‍ നാരായണന്‍, ബി.ജെ.പി നേതാവ് കോട്ടശ്ശേരി ജയകുമാര്‍, കൊലയാളി സംഘത്തിലെ ഈയിടെ കൊല്ലപ്പെട്ട ബിബിന്‍ എന്നിവരെ രണ്ട് മാസത്തിലതികം ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവര്‍ക്കെതിരെയുള്ള നടപടിയും കടലാസിലൊതുങ്ങി. എന്നാല്‍ ഇതിലെ പ്രതിയുടെതുള്‍പ്പെടെയുള്ള കേസുകളില്‍പെട്ട സ്ഥാപനങ്ങള്‍ക്കും പ്രതികളെ സഹായിച്ചവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നത് ഇടത് സര്‍ക്കാറിന്റെ ഇരട്ട നയം വ്യക്തമാക്കുന്നതാണ്. ഫൈസല്‍ വധക്കേസ് ഒന്നാം വര്‍ഷത്തോടടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാട് തിരുത്തി അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

chandrika: