X

ഫൈസല്‍ വധം: പ്രതികള്‍ റിമാന്റില്‍

തിരൂരങ്ങാടി: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു. കൊടിഞ്ഞി ഫാറൂഖ്‌നഗര്‍ സ്വദേശി പുല്ലാണി കൃഷ്ണന്‍ നായരുടെ മകന്‍ ഫൈസല്‍ വധക്കേസില്‍ ഞായറാഴ്ച അറസ്റ്റിലായ എട്ട് പ്രതികളെയാണ് പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഇവരെ മഞ്ചേരി സബ് ജയിലിലേക്കയച്ചു. തെളിവെടുപ്പിനായി ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയെ സമീപിക്കും. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്. 302, 120 ബി വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

ഫൈസലിന്റെ സഹോദരി ഭര്‍ത്താവും അമ്മാവന്റെ മകനുമായ കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് ( 32), കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), നന്നമ്പ്രയിലെ കളത്തില്‍ പ്രദീപ് ( 32), കൊടിഞ്ഞി ചെറുപ്പാറയിലെ കൊടിഞ്ഞി ഡ്രൈവിങ് സ്‌കൂള്‍ ഉടമയും പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശിയുമായ ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരാണ് റിമാന്റിലായത്. എല്ലാവരും ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്.

കേസില്‍ ഗൂഢാലോചന നടത്തിയവരും കൃത്യം നടത്തിയവരുമടക്കം ആറുപേരെ ഇനിയും പിടികൂടാനുണ്ട്. ഇവരില്‍ മൂന്നുപേര്‍ വലയിലായതായി പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്‌ലാം ആശ്ലേഷിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട തിരൂരിലെ യാസറിന്റെ വധക്കേസിലെ പ്രതി നാരായണനും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം പൊലീസ് ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഫൈസല്‍ വധത്തില്‍ നാരായണന് മുഖ്യ പങ്കുള്ളതായി പൊലീസ് പറഞ്ഞു.

താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പുലര്‍ച്ചെ ഫൈസല്‍ വീട്ടില്‍ നിന്നും ഇറങ്ങുന്ന വിവരം ലിജേഷ് നല്‍കിയതിനെ തുടര്‍ന്ന് ബൈക്കില്‍ പിന്തുടര്‍ന്ന രണ്ട് പേര്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മതിലിനോട് ചേര്‍ത്ത് നിര്‍ത്തിയാണത്രെ കൊലപാതകം നടത്തിയത്. സംഭവം നേരില്‍ കണ്ടെന്നു പറയപ്പെടുന്ന നാട്ടുകാരായ ചിലരെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫൈസലിനെ കൂടാതെ കുടുംബത്തിലെ പതിനഞ്ചോളം പേര്‍ ഇസ്ലാംമതം സ്വീകരിക്കുമെന്ന് ഭയന്നാണ് സഹോദരി ഭര്‍ത്താവ് വിനോദ് ആര്‍.എസ്.എസ് പ്രാദേശിക നേതാക്കളെ വിവരമറിയിച്ചത്. ഇവര്‍ പരപ്പനങ്ങാടിയിലെയും പിന്നീട് തിരൂരുമുള്ള മേല്‍ഘടകത്തിന്റെ സഹായത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തതും കൃത്യം നടപ്പിലാക്കിയതും. കഴിഞ്ഞ 19-നാണ് ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി അനന്തകൃഷ്ണന്‍ നായര്‍- മീനാക്ഷി ദമ്പതികളുടെ മകന്‍ ഫൈസല്‍ (30) ഫാറൂഖ് നഗറില്‍ വെട്ടേറ്റു മരിച്ചത്.

chandrika: