X

റേഷന്‍ വിതരണം പുനഃസ്ഥാപിക്കാത്തത് കുറ്റകരമായ അനാസ്ഥ; മെയ് 2ന് കോണ്‍ഗ്രസ് കരിദിനം

അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മെയ് 2 ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കറുത്ത ബാഡ്ജ് ധരിച്ചും കറുത്ത കൊടികള്‍ പിടിച്ചും റേഷന്‍ കടകള്‍ക്ക് മുന്നില്‍ കാര്‍ഡ് ഉടമകളെ അണിനിരത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

റേഷന്‍ വിതരണം പുനഃസ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയാണ്.ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണേണ്ട സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്.വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമാണ് പൊതുവിതരണ സംവിധാനം. സാങ്കേതിക പിഴവിന്റെ പേരില്‍ കുറച്ച് ദിവസങ്ങളായി റേഷന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് പാവപ്പട്ടവരോട് കാട്ടുന്ന ക്രൂരതയാണ്. ഇ-പോസ്( ഇലക്ട്രോണിക് പോയിന്റ്‌സ് ഓഫ് സെയില്‍സ് ) യന്ത്രത്തിന്റെയും അത് നിയന്ത്രിക്കുന്ന സെര്‍വറിന്റെയും തകരാറ് പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി ദയനീയ പരാജയമാണ്.

പ്രധാന സെര്‍വര്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റിന്റെ(എന്‍ഐസി) മേല്‍നോട്ടത്തില്‍ ഹൈദരാബാദിലും മറ്റൊരു സെര്‍വര്‍ കേരളത്തില്‍ തിരുവനന്തപുരം ഐടി വകുപ്പിന് കീഴില്‍ സംസ്ഥാന ഡേറ്റാ സെന്ററിലുമാണ്.ഇരുവരും ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ തമ്മിലുള്ള പൊരുത്തമില്ലായ്മയാണ് സെര്‍വറിന്റെ പ്രവര്‍ത്തനം താറുമാറാകാന്‍ കാരണം.ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഉത്തരവാദപ്പെട്ട കേന്ദ്ര ഏജന്‍സിയും സംസ്ഥാന ഭക്ഷ്യവകുപ്പും പരസ്പരം പഴിചാരി സാധാരണക്കാരെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും സുധാകരന്‍ പറഞ്ഞു.

 

webdesk11: