X

ഉത്തര്‍പ്രദേശിലെ പരാജയം, പരസ്പരം പഴിചാരി നേതാക്കള്‍; ബി.ജെ.പിയില്‍ ചേരിപ്പോര്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നേരിട്ട തിരിച്ചടിയില്‍ പരസ്പരം പഴിചാരി ബി.ജെ.പി നേതാക്കള്‍. തങ്ങളുടെ തോല്‍വിയെക്കുറിച്ച് ബി.ജെ.പി എം.പിമാരായ സാധവി നിരഞ്ജനും രവീന്ദര്‍ കുശ്വാഹയും മാധ്യമങ്ങളോട് സംസാരിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ അമിത ആത്മവിശ്വാസം കാരണമാണ് ഉത്തര്‍പ്രദേശില്‍ പരാജയം നേരിട്ടതെന്ന് യു.പി ധനകാര്യ മന്ത്രിയും 9 തവണ എം.എല്‍.എയുമായ സുരേഷ് ഖന്ന വിമര്‍ശിച്ചു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലെ 62 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് 33 ആയി ചുരുങ്ങി. ഫൈസാബാദ്, അമേഠി, സുല്‍ത്താന്‍പൂര്‍, അംബേദ്കര്‍ നഗര്‍, ബാരാബങ്കി തുടങ്ങിയ അയോധ്യയിലെ മണ്ഡലങ്ങളിലൊക്കെയും ബി.ജെ.പിക്ക് പരാജയം നേരിടേണ്ടി വന്നിരുന്നു. രാം മന്ദിര്‍ നില്‍ക്കുന്ന ഫൈസാബാദ് അടക്കം പരാജയപ്പെട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്.

അധികാരത്തില്‍ വന്നാല്‍ ഭരണഘടനയില്‍ മാറ്റം വരുത്തുമെന്ന് ഫൈസാബാദിലെ സ്ഥാനാര്‍ത്ഥിയായ ലല്ലു സിങ് പറഞ്ഞിരുന്നു. ആ പരാമര്‍ശനത്തിന് നിരവധി വിമര്‍ശങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ഈ പരാമര്‍ശമാണ് വോട്ട് ചെയ്യുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിച്ചതെന്നാണ് എം.പിമാര്‍ പറയുന്നത്.

‘ലല്ലു സിങ്ങിനുണ്ടായ പരാമര്‍ശം എസ്.സി, എസ്.ടി ഒ.ബി.സി വിഭാഗങ്ങള്‍ക്കിടയില്‍ വിമര്‍ശനമുയര്‍ത്തി. അതുകൊണ്ട് തന്നെ ആ വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തില്ല. ഭരണഘടന മാറ്റുമെന്ന് പറഞ്ഞത് അത്തരം വോട്ടുകള്‍ ഏകീകരിപ്പിച്ചു. ആ വോട്ടുകളാണ് ഇന്ത്യ സഖ്യത്തിലേക്ക് പോയത്. അദ്ദേഹത്തിന്റെ പരാമര്‍ശം കാരണം വലിയ നഷ്ടമാണ് പാര്‍ട്ടിക്ക് ഉണ്ടായത്,’ ബി.ജെപി നേതാവായ അഭിഷേക് മിശ്ര പറഞ്ഞു.

ബി.ജെ.പി അയോധ്യയില്‍ തോല്‍വി നേരിട്ടതിന് കാരണങ്ങള്‍ പലതുണ്ടെന്ന് ഹിന്ദു ധര്‍മ സേന നേതാവ് സന്തോഷ് ദുബേ പറഞ്ഞു.ഓരോ വര്‍ഷവും രണ്ട് കോടി ജനങ്ങള്‍ ജോലി നല്‍കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം വെറും വാഗ്ദാനമായി മാറിയതും പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് അദ്ദേഹം വിമര്‍ശിച്ചു. തൊഴിലില്ലായ്മ വന്‍ തോതില്‍ വര്‍ധിച്ചെന്നും ഇത് സാധാരണക്കാരെയും കര്‍ഷകരെയും ബി.ജെ.പിക്കെതിരെ തിരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം സ്ഥാനാര്‍ത്ഥിയുടെ മോശം പരാമര്‍ശവും തോല്‍വിയിലേക്ക് നയിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്മൃതി ഇറാനിയുടെ തോല്‍വിക്കെതിരേ ബി.ജെ.പിയുടെ അമേഠി യൂണിറ്റ് പ്രസിഡന്റ് രംഗത്ത് വന്നിട്ടുണ്ട്. അമേഠിയിലെ തൊഴിലില്ലായ്മയും പണപ്പെരുപ്പവും അവയോടുള്ള സ്മൃതിയുടെ അലംഭാവവും ജനങ്ങളെ അസംതൃപ്തരാക്കിയെന്നും അതേ തുടര്‍ന്നാണ് അവര്‍ക്ക് പരാജയം നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫത്തേപുരിയില്‍ തോല്‍വി നേരിട്ട സാധവിക്കെതിരെയും ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഫത്തേപുരിയിലെ തന്റെ തോല്‍വിയിലൂടെ നരേന്ദ്ര മോദിയുടെ മുന്നേറ്റമാണ് ഇല്ലാതാക്കിയതെന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ തന്നെയാണ് തന്നെ തോല്‍പ്പിച്ചതെന്നും അവര്‍ക്കെതിരെ രംഗത്തെത്തുമെന്നും സാധവി പറഞ്ഞു.

സാധവിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഫത്തേപൂരിലെ മുന്‍ എം.എല്‍.എ രൂക്ഷമായി പ്രതികരിച്ചു. തങ്ങള്‍ക്ക് 4.5 ലക്ഷം വോട്ടുകള്‍ ലഭിച്ചത് സാധവി കാരണമല്ലെന്നും അത് അണികളുടെ പ്രവര്‍ത്തനഫലമായാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം മറ്റുള്ളവരെ പഴിക്കുന്ന സാധവി സ്വയം ആത്മ പരിശോധനനടത്തണമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ സേലംപൂരില്‍ തോറ്റ ബി.ജെ.പി സ്ഥാനാര്‍ഥി രവീന്ദര്‍ കുശ്വാഹ പറഞ്ഞത് പല ബി.ജെ.പി അണികളും തനിക്ക് വേണ്ടി വോട്ട് ചെയ്യാനെത്തിയില്ലെന്നായിരുന്നു. ഇതിനെതിരെയും പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

webdesk13: