കൊച്ചി: പത്തനംതിട്ട ഇലന്തൂരില്‍ കൊല്ലപ്പെട്ട സ്ത്രീകള്‍ കാണാതായ പരാതിയില്‍ പൊലീസ് അന്വേഷണം വൈകിപ്പിച്ചതായി ആരോപണം. കാലടിയില്‍ താമസിക്കുന്ന റോസ്‌ലിയെയാണ് ആദ്യം കാണാതായത്. വാടക വീടിന്റെ ഉടമയുടെ മൊഴി പ്രകാരമെങ്കില്‍ ഓഗസ്റ്റ് ആറു മുതല്‍ ഇവരെ കാണാതായി. സെപ്തംബര്‍ 26 ന് പത്മത്തെയും കാണാതായി.
റോസ്‌ലിയെ കാണാതായതിനെ തുടര്‍ന്ന് യു.പി യിലുള്ള മകള്‍ ഓഗസ്റ്റ് 17ന് കാലടി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ മൂന്നാഴ്ച്ച മുമ്പ് മാത്രമാണ് പൊലീസ് ഇവര്‍ വാടകക്ക് താമസിക്കുന്ന ഔട്ട്ഹൗസിലേക്ക് എത്തിയതെന്ന് വീട്ടുടമ പറയുന്നു. പരാതി നല്‍കിയതിന് ശേഷം അന്വേഷണം നടക്കുന്നുണ്ടെന്നും ഫോണിന്റെ ഐ.എം.ഇ നമ്പര്‍ കണ്ടുപിടിക്കാനായില്ലെന്നുമായിരുന്നു പൊലീസിന്റെ പ്രതികരണമെന്ന് റോസ്‌ലിന്റെ മകള്‍ മഞ്ജു പറഞ്ഞു. പൊലീസില്‍ ചോദിക്കുമ്പോഴെല്ലാം അന്വേഷിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെന്നുമാണ് അറിയിച്ചത്. ഇന്നലെ രാവിലെ പൊലീസ് വിളിച്ചു വിലാസം ചോദിച്ചിരുന്നു. വാര്‍ത്ത അറിഞ്ഞ് പൊലീസില്‍ ചോദിച്ചപ്പോള്‍ ഇതുവരെയും ഉറപ്പിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ഇപ്പോഴും എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ പൊലീസ് മറുപടി നല്‍കിയിട്ടില്ലെന്നും മഞ്ജു പറയുന്നു. സെപ്തംബര്‍ 26നാണ് കടവന്ത്ര പൊലീസിന് രണ്ടാമത്തെ സ്ത്രീയുടെ മിസിങ് പരാതി ലഭിച്ചത്. കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മത്തിന്റെ മകനായിരുന്നു പരാതിക്കാരന്‍. രണ്ടാമത്തെ സ്ത്രീയെ കാണാതായത് രജിസ്റ്റര്‍ ചെയ്തത് ഓഗസ്റ്റിലാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ആദ്യത്തെ കൊലപാതകം ജൂണില്‍ നടന്നു. രണ്ടാമത്തെ കൊലപാതകം സെപ്റ്റംബറിലാണ് നടന്നതെന്നും കമ്മീഷണര്‍ പറഞ്ഞു.
ആദ്യത്തെ മിസിങ് കേസില്‍ ശരിയായ അനേഷണം നടക്കാത്തതാണ് രണ്ടാമത്തെ തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും ഇടയാക്കിയതെന്ന് ആരോപണമുണ്ട്. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും, വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.