X

തിലകന്‍ നല്‍കിയ പാഠം ഫഹദില്‍ പരീക്ഷിച്ചു; ഫഹദിലെ നടന്റെ ആഴം തൊട്ടറിഞ്ഞ അന്‍വര്‍ റഷീദിന്റെ വെളിപ്പെടുത്തല്‍

ട്രാന്‍സ് എന്ന സിനിമയ്ക്കു വേണ്ടി നടന്‍ തിലകന്റെ അഭിനയശൈലി ഫഹദില്‍ പരീക്ഷിച്ചെന്നു വെളിപ്പെടുത്തി സംവിധായകന്‍ അന്‍വര്‍ റഷീദ്. ഓരോ രംഗവും ഒന്നിലധികം ടേക്ക് എടുത്തു. ഓരോ തവണയും ഓരോ ഷോട്ടിലും രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. അതില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നത് ദുഷ്‌കരമായിരുന്നു. നടന്‍ തിലകനില്‍ നിന്നാണ് ഇത്തരമൊരു ശൈലി അഭിനേതാക്കളില്‍ പരീക്ഷിക്കാന്‍ പഠിച്ചതെന്നും അന്‍വര്‍ റഷീദ് വെളിപ്പെടുത്തി.

തിലകന്‍ പഠിപ്പിച്ചത്

ഒരു നടനൊപ്പം എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെക്കുറിച്ചുള്ള എന്റെ ധാരണകള്‍ അപ്പാടെ മാറിമറിഞ്ഞത് ഉസ്താദ് ഹോട്ടലില്‍ തിലകന്‍ സാറിനൊപ്പം പ്രവര്‍ത്തിച്ചതിനു ശേഷമാണ്. ആദ്യ സീക്വന്‍സ് ഷൂട്ട് ചെയ്യുന്നതിനു മുന്‍പ് ആ രംഗം ഒന്നു വിവരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത് ഞാനിപ്പോഴും ഓര്‍ക്കുന്നു. എന്നെ അമ്പരപ്പിച്ചുകൊണ്ട്, ആ രംഗത്തിലെ ഡയലോഗുകള്‍ അദ്ദേഹം ഏറ്റവും കുറഞ്ഞത് ആറു തരത്തില്‍ എനിക്കു മുന്‍പില്‍ അവതരിപ്പിച്ചു. ഞാന്‍ ഞെട്ടിപ്പോയി. കണ്ണു തുറപ്പിക്കുന്ന അനുഭവം എന്നു പറയുന്നതിനെക്കാള്‍ മായികമായ നിമിഷങ്ങളെന്നു പറയുന്നതാകും ഉചിതം.

തിലകന്‍ സാറിനെപ്പോലെ ഒരു നടന്‍ ആദ്യ ടേക്കില്‍ തന്നെ നല്‍കുന്ന പ്രകടനം സംവിധായകന്‍ എന്ന നിലയില്‍ എന്നെ സന്തോഷിപ്പിക്കുന്നതാണ്. പക്ഷേ, അദ്ദേഹം എന്നെ അതിലും കൂടുതലായി അന്വേഷിച്ചു പോകാന്‍ പഠിപ്പിച്ചു. അതിലൂടെ ഒരു അഭിനേതാവിന്റെ ഏറ്റവും മികച്ച പ്രകടനം എങ്ങനെ കണ്ടെത്താമെന്നും! ആദ്യ ടേക്ക് ഓകെ ആണെങ്കിലും ആ അഭിനേതാവിന്റെ പ്രകടനത്തിന്റെ മറ്റൊരു സുന്ദരമായ അനുഭവം കണ്ടെത്താന്‍ ഒന്നിലധികം തവണ ടേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നമുക്കൊരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം വ്യത്യസ്തമായ പ്രകടനമായിരിക്കും മികച്ച ഒരു അഭിനേതാവ് ഓരോ തവണയും നമുക്ക് തരിക. അതിനാല്‍ ആറു വര്‍ഷത്തിനു ശേഷം ട്രാന്‍സ് ചെയ്തപ്പോള്‍ ഞാന്‍ കൂടുതലും പിന്തുടര്‍ന്നത് അഭിനയത്തിലെ ‘തിലകന്‍ ശൈലി’ ആയിരുന്നു.

സിനിമയില്‍ ഉപയോഗിക്കാത്ത ആ മുഹൂര്‍ത്തങ്ങള്‍

തിലകന്‍ സാറിന്റെ ആ ശൈലി മറ്റൊരു രീതിയിലാണ് ഞാന്‍ ഫഹദില്‍ ഉപയോഗിച്ചത്. ഫഹദിന് ആ കഥാപാത്രത്തെ പല തരത്തില്‍ അവതരിപ്പിക്കാന്‍ അനുവദിക്കുകയായിരുന്നു. അതിനുവേണ്ടി ഒന്നിലധികം ടേക്കുകള്‍ പോകാന്‍ തീരുമാനിച്ചു. സാധാരണ ഗതിയില്‍ ആദ്യ ടേക്കില്‍ തന്നെ ഏറ്റവും മികച്ച പ്രകടനം തരുന്ന നടനാണ് ഫഹദ്. റീടേക്കിന്റെ ആവശ്യം വരുന്നില്ല. പക്ഷേ, ഞങ്ങള്‍ പുതിയ രീതി പരീക്ഷിച്ചു. ഒന്നിലധികം ടേക്കുകള്‍ പോയി. ശാരീരികമായി അത്യധ്വാനം വേണ്ടി വരുന്ന രംഗങ്ങളാണ് ട്രാന്‍സിലുള്ളത്. കാരണം, ഹൈ എനര്‍ജിയില്‍ സംസാരിക്കുന്ന പാസ്റ്ററെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

പക്ഷേ, യാതൊരു പരാതികളുമില്ലാതെ ഫഹദ് ഒന്നിലധികം തവണ ആ രംഗങ്ങള്‍ ചെയ്തു. ഓരോ പ്രകടനവും വ്യത്യസ്തമായിരുന്നു. അവസാനം ഏതെടുക്കണമെന്ന ആശയക്കുഴപ്പത്തിലായി ഞാന്‍. നമുക്ക് ഇഷ്ടമുള്ള കൊതിയൂറുന്ന ആറു വിഭവങ്ങള്‍ ഒരു ഷെഫ് തയ്യാറാക്കി നമുക്ക് മുന്‍പില്‍ വച്ചാല്‍ എങ്ങനെയുണ്ടാകും? അതുപോലെയായിരുന്നു എന്റെ അവസ്ഥ. ഏതെടുക്കണം എന്ന തീരുമാനം ദുഷ്‌കരമായിരുന്നു.

എഡിറ്റിങ്ങ് ടേബിളില്‍ ആ മികച്ചവയിലെ ഏറ്റവും മികച്ച ഒരു ടേക്ക് എടുക്കുകയായിരുന്നു. ഒരേ രംഗം ഫഹദ് ഓരോ തവണയും അവതരിപ്പിക്കുന്നത് കാണുന്നത് തന്നെ വിസ്മയകരമായ അനുഭവമായിരുന്നു. ഓരോ തവണയും ഓരോ ഷോട്ടിലും രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. ആ ഷൂട്ടിങ് ദിവസങ്ങള്‍ എനിക്ക് മറക്കാന്‍ കഴിയില്ല. സിനിമയില്‍ ഉപയോഗിക്കാത്ത ആ രംഗങ്ങള്‍ ഒരു നിധി പോലെ ഞാനിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്.

 

web desk 1: