പെരിയ കണ്ണോത്ത് സ്വദേശിയും കല്യോട്ട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായിരുന്ന ഫഹദിനെ (എട്ട്) നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി ജഡ്ജ് പി.എസ് ശശികുമാറാണ് ഫഹദിന്റെ അയല്‍വാസി കൂടിയായ പ്രതിയ വിജയനെ(32) തടവിനും പിഴയ്ക്കും ശിക്ഷിച്ചത്. സെക്ഷന്‍ 302 പ്രകാരം ജീവപര്യന്തം കഠിന തടവും ഒരു മാസം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം അധികം തടവ് അനുഭവിക്കണം. പിഴത്തുക ഫഹദിന്റെ പിതാവിന് നല്‍കണമെന്നും കോടതി വിധിച്ചു.
2015 ജൂണ്‍ ഒമ്പതിനാണ് കേസിനാസ്പദമായ അരുംകൊല നടന്നത്. സഹോദരിയുടെ കൂടെ സ്‌കൂളിലേക്ക് പോവുകയായിരുന്ന ഫഹദിനെ തെങ്ങു കയറ്റ തൊഴിലാളിയായ വിജയകുമാര്‍ പിന്നില്‍ നിന്നും പിടിച്ചുവച്ചു വാക്കത്തി കൊണ്ട് കഴുത്തിനു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത കാരണമായി കാലിന് ചെറിയ വൈകല്യമുള്ള ഫഹദ് സഹോദരിക്കും മറ്റു ചില വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടയിലാണ് പാതയോരത്തെ കുറ്റിക്കാട്ടില്‍ പതുങ്ങി നിന്നിരുന്ന വിജയന്‍ കുട്ടികള്‍ക്ക് മുന്നിലേക്ക് കത്തിയുമായി ചാടിവീണത്. ഇതോടെ മറ്റു കുട്ടികള്‍ ഭയന്നോടി. ഇതിനിടയില്‍ ഫഹദിനെ പിടിച്ചുവച്ച് കുട്ടിയുടെ കഴുത്തിന് വിജയന്‍ വെട്ടുകയായിരുന്നു.
ഫഹദ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. കുട്ടികളുടെ ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കൃത്യത്തിനു ശേഷം പ്രദേശത്തെ കാട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ അറുപതോളം സാക്ഷികളും മറ്റു നിര്‍ണായക തെളിവുകളും കേസന്വേഷണം നടത്തിയ ബേക്കല്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി.
ആര്‍.എസ്.എസ് പ്രവര്‍ത്തകനായ വിജയന് ഫഹദിന്റെ പിതാവ് കണ്ണോത്തെ അബ്ബാസിനോട് ഉണ്ടായ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിനു കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് പ്രതിക്ക് ഇതുവരെ ജാമ്യം അനുവദിച്ചിരുന്നില്ല. ഫഹദിന്റെ സഹോദരി ഉള്‍പ്പെടെ 36 സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ വിജയന്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഇന്നലെ രാവിലെ ശിക്ഷാ വിധി സംബന്ധിച്ച് കോടതി ഇരുഭാഗത്തിന്റെയും വാദം കേള്‍ക്കുകയും ചെയ്തു. തനിക്ക് മാനസിക രോഗമുണ്ടെന്നും ഇക്കാരണത്താല്‍ തന്നെ വെറുതെ വിടണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിരപരാധിയായ വിദ്യാര്‍ത്ഥിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി മാനസിക രോഗം അഭിനയിക്കുകയാണെന്നും അതിനാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷനും വാദിച്ചു. ഇതേതുടര്‍ന്ന് വിധി പറയുന്നത് കോടതി ഉച്ചക്ക് ശേഷമാക്കി മാറ്റി. തുടര്‍ന്ന് ഉച്ചക്ക് 2.30ന് കോടതി വീണ്ടും സമ്മേളിച്ചാണ് ജില്ലയെ നടുക്കിയ ക്രൂരമായ കൊലപാതക കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. രാഘവനാണ് ഹാജരായത്.
മൂന്നുവര്‍ഷമായി പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പ്രതി സമൂഹത്തിന് തന്നെ ഭീഷണിയാണെന്നും കാണിച്ച് പൊലീസ് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടാണ് ജാമ്യം നിഷേധിക്കാന്‍ അടിസ്ഥാനമായത്. ഫഹദിന്റെ സഹോദരി സഹല, കല്യോട്ട് സ്‌കൂളിലെ മുന്‍ അധ്യാപകന്‍ കെ. ജനാര്‍ദനന്‍, കല്യോട്ട് ഭഗവതി ക്ഷേത്ര കഴകം ഭാരവാഹികള്‍, അധ്യാപകര്‍, ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ കോടതിയിലെത്തി സാക്ഷിമൊഴി നല്‍കിയിരുന്നു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായിരുന്ന കെ. ഹരിശ്ചന്ദ്ര നായകിന്റെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് സി.ഐ യു. പ്രേമന്‍, ബേക്കല്‍ എസ്.ഐ ഇ. ജയചന്ദ്രന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.