ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവുമധികം ഗോൾ എന്ന പെലെയുടെ റെക്കോർഡ് ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സി മറികടന്നത് കഴിഞ്ഞയാഴ്ചയാണ്. റയൽ വയഡോയ്ഡിനെതിരായ സ്പാനിഷ് ലീഗ് മത്സരത്തിലെ ഗോളോടെയാണ് മെസ്സി 644 എന്ന മാജിക് നമ്പറിൽ തൊട്ടത്. അതുവരെ ബ്രസീലിയൻ ഇതിഹാസതാരം പെലെയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് അർജന്റീനക്കാരൻ തകർത്തത് ഫുട്‌ബോൾ ലോകത്ത് വലിയ ആഘോഷമായി.
അമേരിക്കൻ ബിയർ കമ്പനിയായ ബുഡ്‌വൈസർ വേറിട്ടൊരു രീതിയിലാണ് മെസ്സിയുടെ നേട്ടം ആഘോഷമാക്കിയത്. മെസ്സിയുടെ ബാഴ്‌സലോണ ഗോളുകളിൽ ഓരോന്നും വഴങ്ങിയ ഗോൾകീപ്പർമാർക്ക് മെസ്സിയുടെ ഗോളാഘോഷ ചിത്രവും അവർ വഴങ്ങിയ ഗോളിന്റെ അക്കവും അടങ്ങിയ സവിശേഷ ബിയർ ബോട്ടിലുകൾ അയച്ചു കൊടുക്കുകയാണ് കമ്പനി ചെയ്തത്. അങ്ങനെ 160 ഗോൾകീപ്പർമാർക്കായി കമ്പനി 644 ബോട്ടിലുകൾ അയച്ചുകൊടുത്തു.
ബ്രസീലിയൻ ഗോൾകീപ്പർ ഡീഗോ ആൽവസിനാണ് ഏറ്റവുമധികം ബിയർ ബോട്ടിലുകൾ സ്വന്തമാക്കാനുള്ള ‘ഭാഗ്യ’മുണ്ടായത്. ലാലിഗയിലെ അൽമീറ, വലൻസിയ ക്ലബ്ബുകൾക്കു വേണ്ടി വലകാത്ത ആൽവസിനെതിരെ 21 തവണയാണ് മെസ്സി ഗോളടിച്ചത്. അത്രതന്നെ ബോട്ടിൽ ബിയർ ബുഡ്‌വൈസർ താരത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. മുൻ റയൽ മാഡ്രിഡ് ഗോൾകീപ്പർ ഇകേർ കസിയസ് 17-ഉം അത്‌ലറ്റികോ മാഡ്രിഡിന്റെ യാൻ ഓബ്ലക് 11-ഉം ബോട്ടിലുകൾ സ്വന്തമാക്കി.
ഓബ്ലക്, യുവന്റസ് ഇതിഹാസതാരം ഗ്യാൻലുയ്ജി ബുഫൺ, ചെൽസി കീപ്പർ കെപ അരിസബലാഗ എന്നിവർ തങ്ങൾക്കു കിട്ടിയ ബിയർ ബോട്ടിലുകളുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ചെയ്തു.
മുസ്ലിംകൾക്ക് ആൽക്കഹോൾ ഇല്ലാത്ത ബിയർ?
അതിനിടെ മറ്റൊരു പ്രചരണം ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമാവുകയാണുണ്ടായി. താൻ എതിരെ ഗോളടിച്ച മുസ്‌ലിം ഗോൾകീപ്പർമാർക്ക് ആൽക്കഹോൾ ഇല്ലാത്ത ബിയർ വേണം അയക്കേണ്ടത് എന്നും മദ്യാസക്തിയിൽ നിന്ന് മുക്തനായി വരുന്ന മറ്റൊരു ഗോൾകീപ്പർക്ക് ബിയർ അയക്കേണ്ടെന്നും മെസ്സി ബുഡ്‌വൈസറിനോട് ആവശ്യപ്പെട്ടു എന്നായിരുന്നു ഇത്.
@MessiFC10i എന്ന ട്വിറ്റർ ഹാൻഡിലിലാണ് ഈ സന്ദേശം ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ഫുട്‌ബോൾ പേജുകളടക്കം ആയിരക്കണക്കിനാളുകൾ സമാനമായ സന്ദേശം ഷെയർ ചെയ്തു. അധികം വൈകാതെ ഈ ഹാൻഡിലിൽ നിന്ന് ഈ സന്ദേശം അപ്രത്യക്ഷമായി. എങ്കിലും ട്വിറ്റർ വിട്ട് മറ്റ് പ്ലാറ്റ്ഫോമുകളിലും നിരവധി വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ഇത് പ്രചരിച്ചിരുന്നു.
എന്നാൽ, മെസ്സിയുടെ ഈ ‘മുസ്ലിം കരുതൽ’ വാർത്തയ്ക്ക് അടിസ്ഥാനമില്ല എന്നാണ് വസ്തുതകൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്. മെസ്സിയോ താരവുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗോൾകീപ്പർമാർക്ക് ബിയർ ബോട്ടിലുകൾ അയക്കുന്ന കാര്യം പുറത്തുവിട്ട ബുഡ്‌വൈസറോ അവ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളോ ഇങ്ങനെയൊരു കാര്യം വ്യക്തമാക്കുന്നില്ല. മാത്രമല്ല, പ്രമുഖ സോഷ്യൽ ന്യൂസ് അഗ്രഗേഷൻ വെബ്‌സൈറ്റായ റെഡിറ്റ് ഇത് സംബന്ധിച്ചുള്ള ഒരു പോസ്റ്റ് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്. മതിയായ തെളിവുകളോ ആധികാരമായ ഉറവിടമോ ഇല്ലാത്തതിനാലാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന് റെഡിറ്റ് വ്യക്തമാക്കുന്നു.