ഡല്‍ഹി: ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഐവെയര്‍ ബ്രാന്‍ഡുകളിലൊന്നായ റെയ് ബാനുമായി ഫേസ്ബുക്ക് കൈകോര്‍ക്കുന്നു. പുതിയ സ്മാര്‍ട്ട് ഗ്ലാസുകള്‍ വികസിപ്പിക്കുന്നതിനായാണ് ഫേസ്ബുക്ക് റെയ് ബാനുമായി ഒന്നിക്കുന്നത്. ഉപഭോക്താക്കളെ തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്നതായിരിക്കും പുതിയ സ്മാര്‍ട് ഗ്ലാസുകള്‍.
റെയ് ബാന്‍ ബ്രാന്‍ഡിന്റെ സഹായത്തോടെ സ്മാര്‍ട്ട് ഗ്ലാസ് സാങ്കേതികവിദ്യ ജനപ്രിയമാക്കാനുള്ള ശ്രമമായിട്ടാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം. സ്മാര്‍ട്ട് ഗ്ലാസുകള്‍ വികസിപ്പിക്കുന്നതിന് രണ്ട് ബ്രാന്‍ഡുകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഇതാദ്യമാണ്. മറ്റ് ജനപ്രിയ ടെക് കമ്പനികള്‍ സമാന സാങ്കേതികവിദ്യയില്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഉത്പന്നങ്ങളുടെ വാണിജ്യപരമായ സമാരംഭം റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുകയായിരുന്നു.
ഉദാഹരണത്തിന് ഗൂഗിള്‍ ഗ്ലാസ്. സ്വകാര്യത സംബന്ധിച്ച ആശങ്കകളില്‍പ്പെട്ട് ഗൂഗിള്‍ ഗ്ലാസ് ഇതുവരെ പുറത്തിറക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഗൂഗിള്‍ ഗ്ലാസ് വികസിപ്പിക്കുന്നതിനുള്ള പ്രോജക്റ്റ് താല്‍കാലിക നിര്‍ത്തിവച്ചെങ്കിലും അതിന്റെ മറ്റൊരു പതിപ്പ് കമ്പനി പുറത്തിറക്കിയിരുന്നു. ഫേസ്ബുക്കിന്റെ പുതിയ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗപ്രദമായ പ്രവര്‍ത്തനങ്ങളേക്കാള്‍ ആശയവിനിമയത്തിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫേസ്ബുക്ക് റെയ് ബാന്‍ കൂട്ടുക്കെട്ടില്‍ പിറക്കുന്ന സ്മാര്‍ട് ഗ്ലാസുകള്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.