ന്യൂഡല്‍ഹി: വിദ്വേഷ ഉള്ളടക്കം പോസ്റ്റ് ചെയ്ത ബി.ജെ.പി. നേതാവ് ടി.രാജ സിങ്ങിന് ഫെയ്സ്ബുക്ക് വിലക്കേര്‍പ്പെടുത്തി. വിദ്വേഷവും അക്രമവും പ്രോത്സഹിപ്പിക്കുന്ന ഉള്ളടക്കം സംബന്ധിച്ച ഫെയ്സ്ബുക്ക് നയം ലംഘിച്ചതിനാണ് വിലക്കെന്ന് ഫെയ്സ്ബുക്ക് വാക്താവ് അറിയിച്ചു. നേരത്തെ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്ത ഫേസ്ബുക്കിന്റെ നടപടി വിവാദമായിരുന്നു.
ബി.ജെ.പിക്കുവേണ്ടി വിദ്വേഷ ഉള്ളടക്കംസംബന്ധിച്ച നയത്തില്‍ ഫെയ്സ്ബുക്ക് വിട്ടുവീഴ്ച ചെയ്തെന്ന ആരോപണത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു രാജ സിങ്. ‘നിയമലംഘകരെ വിലയിരുത്തുന്നതിനുള്ള തങ്ങളുടെ പ്രക്രിയ വിപുലമാണ്. അദ്ദേഹത്തിന്റെ അക്കൗണ്ട് നീക്കം ചെയ്യാനുള്ള ഫെയ്സ്ബുക്കിന്റെ തീരുമാനത്തിലേക്ക് നയിച്ചതും അതാണ്.’ ഫെയ്സ്ബുക്ക് വാക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.
തെലങ്കാനയിലെ ബി.ജെ.പി. എം.എല്‍.എയാണ് രാജ സിങ്. വിദ്വേഷ ഉള്ളടക്കമുള്ള ഇയാളുടെ ചില പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഫെയ്സ്ബുക്ക് തയ്യാറായില്ലെന്നും ഇന്ത്യയില്‍ ഫെയ്സ്ബുക്കിന് ഭരണകക്ഷിയുമായി പക്ഷപാതമുണ്ടെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെയ്സ്ബുക്ക് ഇന്ത്യ എക്സിക്യുട്ടൂവ് അങ്കി ദാസ് ബി.ജെ.പിക്ക് വേണ്ടി ഇടപെടല്‍ നടത്തിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ അത്തരം പോസ്റ്റുകള്‍ ഫെയ്സ്ബുക്ക് നീക്കം ചെയ്യുകയുണ്ടായി.
ഫെയ്സ്ബുക്കിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കഴിഞ്ഞ ദിവസം ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ കമ്പനി അധികൃതര്‍ ഹാജരാകുയും ചെയ്തിരുന്നു. ഇതിനിടെ തനിക്ക് നിലവില്‍ ഫെയ്സ്ബുക്കില്‍ ഔദ്യോഗിക പേജുകളില്ലെന്ന് രാജ സിങ് കഴിഞ്ഞ മാസം ട്വിറ്ററിലൂടെ ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. പോസ്റ്റുകള്‍ക്ക് ഉത്തരവാദി താനല്ലെന്നായിരുന്നു വിശദീകരണം.
ഫെയ്സ്ബുക്കിന്റെ ഇന്ത്യന്‍ അധികൃതര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഫെയ്സ്ബുക്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സക്കര്‍ ബര്‍ഗിന് കത്തെഴുതിയിരുന്നു.