പ്രിവിലേജുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. എത്ര ഗുരുതരമായ വീഴ്ചയായാലും തേനില്‍ ചാലിച്ച ‘ബഹുമാനപ്പെട്ടതും’ ‘പ്രിയപ്പെട്ടതുമായ’ വിമര്‍ശനങ്ങളും സാരോപദേശങ്ങളും മാത്രം ലഭിക്കുന്ന മുഖ്യമന്ത്രി.
രണ്ട് ചെറിയ പെണ്‍കുട്ടികള്‍ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ പൊലീസിന്റെ അനാസ്ഥ കാരണം പ്രതികള്‍ രക്ഷപ്പെട്ടാലും, പൊലീസ് മന്ത്രിയായ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമില്ല; ‘നിവേദനങ്ങളും’ ‘അപേക്ഷകളുമാണ്’. അതല്ലെങ്കില്‍ ഹൃദയപക്ഷത്തിന്റെ ‘ഓര്‍മപ്പെടുത്തല്‍’. പഴിയും വിമര്‍ശനങ്ങളും പൊലീസിനും മറ്റു മന്ത്രിമാര്‍ക്കുമൊക്കെയായാണ്. അതല്ലെങ്കില്‍ പ്രതിപക്ഷ എംഎല്‍എ പൊലീസ് ഉദ്യോഗസ്ഥനെ പ്രശംസിച്ച ഫേസ്ബുക്ക് കുറിപ്പ് അടിസ്ഥാനമാക്കിയാണ്. പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ വാദിച്ച അതേ വക്കീലിനെ തന്നെ സര്‍ക്കാര്‍ ശിശു സംരക്ഷണ സമിതിയുടെ അധ്യക്ഷനാക്കിയാലും സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്ക് പങ്കില്ല. അദ്ദേഹം തെറ്റൊന്നും ചെയ്യില്ല.
പൊലീസുമായുള്ള ‘ഏറ്റുമുട്ടലില്‍’ കാര്യമായ തെളിവോ സാഹചര്യങ്ങളോ ഇല്ലാതെ ‘മാവോയിസ്റ്റുകള്‍’ കൊല്ലപ്പെട്ടാലും അത് പൊലീസിന്റെ മാത്രം അനാസ്ഥയാണ്. ‘കരുണാകരന്റെ പൊലീസും’ ‘ആന്റണിയുടെ പൊലീസും’ ‘ഉമ്മന്‍ചാണ്ടിയുടെ പൊലീസും’ പിണറായിയുടെ കാലത്ത് അനാസ്ഥയും അക്രമവുമുണ്ടാവുമ്പോള്‍ ‘വെറും പൊലീസാണ്’. ഒന്നും രണ്ടും മൂന്നും വട്ടം ‘ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍’ അരങ്ങേറിയാലും അതെല്ലാം സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡില്‍ നിന്ന് പെട്ടെന്ന് മറക്കാന്‍ പാകത്തിലുള്ളതാണ്.
പ്രളയദുരിതാശ്വാസഫണ്ട് ചിലവിടുന്നതുമായി ബന്ധപ്പെട്ട മറുചോദ്യങ്ങള്‍ പോലും ചോദിക്കാന്‍ പാടില്ലാത്ത അത്രയും ‘ശുദ്ധമായ ഭരണകാലത്ത്’ സര്‍ക്കാരിന്റെ ദുര്‍വ്യയങ്ങളും നിയമന വിവാദങ്ങളും മുഖ്യമന്ത്രിയുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. ബാബുവും മാണിയും പറഞ്ഞതും ചെയ്തതുമെല്ലാം ഉമ്മന്‍ചാണ്ടിയുടെ ഉത്തരവാദിത്വമായ പോലെയല്ല, മണിയും ജലീലും ചെയ്യുന്നതിനും പറയുന്നതിനുമൊന്നും പിണറായിക്ക് യാതൊരു ഉത്തരവാദിത്വവുമില്ല.
ഇനിയഥവാ എത്ര ഗുരുതരമായ തെറ്റ് സംഭവിച്ചാലും, തിരുത്തലിന്റെ ദിശയിലുള്ള ഒരു നീക്കം മതി. അതോടെ അങ്ങനെയൊരു തെറ്റ് സംഭവിച്ചിട്ടേയില്ലെന്ന മട്ടില്‍, ‘കണ്ടില്ലേ നേതാവിനെ’, ‘ഭരണമികവ്’ എന്ന വാഴ്ത്തലുകളും അഭിമാനപൂരിത പ്രശംസകളും പൊതിഞ്ഞോളും. ഇല്ലെങ്കില്‍ പൊടിക്ക് നവോത്ഥാനം ചേര്‍ത്ത് ‘വിരട്ടലൊന്നും വേണ്ട’ എന്ന മട്ടിലുള്ള കവലപ്രസംഗം മതി; അതോടെ പൂര്‍വകാലമടക്കം എല്ലാം ക്ലീന്‍.
നെറിയായാലും നെറികേടായാലും എല്ലാ നേരത്തും ‘ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെങ്കില്’!, പിണറായി കാലത്ത് സൗകര്യപൂര്‍വം ചേര്‍ക്കാനും ഒഴിവാക്കാനും കഴിയുന്നതാണ് മുഖ്യമന്ത്രിയുടെ പേരും പങ്കും. ചില നേരത്തത് ‘അഭിമാനകരമായ പിണറായി സര്‍ക്കാരാവും’. നീതിനിഷേധത്തിന്റെയും അനാസ്ഥയുടെയും നേരത്ത് വെറും സര്‍ക്കാരാകും, അല്ലെങ്കില്‍ ‘ഉദ്യോഗസ്ഥ അനാസ്ഥയാകും’.
ഇങ്ങനെ, എത്ര തെറ്റുകള്‍ ആവര്‍ത്തിച്ചാലും നവോത്ഥാന പട്ടവും മികച്ച ഭരണ പ്രശംസയും ചാര്‍ത്തപ്പെടുമെന്നത് തന്നെയാണ് ഇടതുപക്ഷത്തിന്റെയും പിണറായിയുടെയും പ്രിവിലേജ്.