X

ഫേസ്ബുക്ക് ഉപയോഗിച്ച് പുതിയ തട്ടിപ്പ്; ഇരകള്‍ ഒക്ടോബറില്‍ ജനിച്ച സ്ത്രീകള്‍

ഒക്ടോബറില്‍ ജന്മദിനം ആഘോഷിക്കുന്ന സ്ത്രീകളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ജാഗ്രതയോടെയിരിക്കണം. നിലവില്‍ തട്ടിപ്പ് നടന്നിരിക്കുന്നത് ബ്രിട്ടനിലാണെങ്കിലും സമാന തട്ടിപ്പ് ഇന്ത്യയിലും നടന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. സ്‌കാമര്‍മാരുടെ പുതിയ തട്ടിപ്പിന് ഫേസ്ബുക്കിലാണ് പുതിയ അരങ്ങൊരുങ്ങിയിരിക്കുന്നത്. ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ അസ്ഡയുടെ പേരിലാണ് ഈ തട്ടിപ്പ് യൂറോപ്പിലെങ്ങും വ്യാപിച്ചിരിക്കുന്നത്.

അവരുടെ പേരില്‍ ഫേസ്ബുക്കില്‍ സ്‌കാമര്‍മാര്‍ സ്ത്രീകളെ ലക്ഷ്യമിടുന്നു. ഒക്ടോബറില്‍ ജനിച്ച സ്ത്രീകള്‍ക്ക് അസ്ഡയുടെ ഗിഫ്റ്റ് കാര്‍ഡ് എന്ന പേരിലാണ് തട്ടിപ്പുകാര്‍ ഇവരെ ലക്ഷ്യമിടുന്നത്. 1,000 ഡോളര്‍ ഗിഫ്റ്റ് കാര്‍ഡ് ഓഫര്‍ ഉപയോഗിച്ച് ഉപയോക്താക്കളെ അവരുടെ ബാങ്ക് വിശദാംശങ്ങള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നു. സങ്കീര്‍ണ്ണമായ ഫിഷിംഗ് കുംഭകോണത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അസ്ഡ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നിലവില്‍ ആരെങ്കിലും കെണിയില്‍ അകപ്പെട്ടോ എന്ന് അറിയില്ല.

ബ്രാന്‍ഡ് അവബോധം വളര്‍ത്തുന്നതിനായി രാജ്യത്തുടനീളം 1000 ഡോളര്‍ അസ്ഡ ഗിഫ്റ്റ് കാര്‍ഡുകള്‍ നല്‍കുകയാണെന്ന് തലക്കെട്ട് നല്‍കിയാണ് സ്‌കാമര്‍മാര്‍ സ്ത്രീകളെ ലക്ഷ്യം വെക്കുന്നത്. നിങ്ങള്‍ക്ക് അത് ലഭിക്കാന്‍ അര്‍ഹതയുണ്ടോ എന്ന് മനസിലാക്കാന്‍ ചുവടെ ഒരു ഹ്രസ്വ സര്‍വേ പൂര്‍ത്തിയാക്കുക എന്നാണ് തുടര്‍വാചകം.കോവിഡ് പ്രതിസന്ധി കാരണം ഭൂരിഭാഗം ആളുകളും ഇപ്പോഴും വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. ഇത് മുതലാക്കി ഇതിനോടകം തന്നെ നിരവധി തട്ടിപ്പുകളാണ് വിവിധ പ്രദേശങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Test User: