X

‘വിദ്വേഷം കൊണ്ട് ലാഭമുണ്ടാക്കുന്ന കമ്പനിയില്‍ ജോലിചെയ്യാനാകില്ല’; ഫേസ്ബുക്കിലെ ജോലി രാജിവച്ച് എന്‍ജിനീയര്‍

വാഷിംഗ്ടണ്‍: ഫേസ്ബുക്കിന്റെ പോളിസി നിലപാടുകളില്‍ പ്രതിഷേധിച്ച് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ രാജിവച്ചതായി റിപ്പോര്‍ട്ട്. 28കാരനായ അശോക് ചന്ദ്വനിയാണ് കഴിഞ്ഞ ദിവസം ജോലിയില്‍ നിന്ന് രാജിവച്ചത്. യുഎസിലും ലോകത്തിലും വിദ്വേഷം കൊണ്ട് ലാഭമുണ്ടാക്കുന്ന കമ്പനിയുമായി ഇനി ഒത്തുപോകാനാകില്ലെന്ന് അശോക് ചന്ദ്വനി വ്യക്തമാക്കിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

കമ്പനി വംശീയതയും വെറുപ്പും പ്രചരിപ്പിക്കുന്നതിന് സൗകര്യം ഒരുക്കുകയും അതിലൂടെ ലാഭം വര്‍ധിപ്പിക്കുകയുമാണെന്ന് ചന്ദ്വനി ആരോപിച്ചു. മ്യാന്മറിലെ വംശഹത്യക്ക് ഫേസ്ബുക്ക് ഇന്ധനമായതെങ്ങനെയെന്ന് ചന്ദ്വനി വിവരിച്ചു. യുഎസിലെ കനോഷയില്‍ നടന്ന പ്രശ്‌നങ്ങളിലെ ഫേസ്ബുക്ക് നിലപാടും ഇയാള്‍ വിമര്‍ശിച്ചു. കൊള്ള തുടങ്ങിയപ്പോള്‍ വെടിവെപ്പും തുടങ്ങിയെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്നും അശോക് ചന്ദ്വനി പറഞ്ഞു.

വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച് ഫേസ്ബുക്ക് ഇന്ത്യയിലും ആരോപണം നേരിടുകയാണ്. ഇന്ത്യയില്‍ ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നും ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യുന്നില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. പോളിസി മേധാവി അംഖി ദാസ് ബിജെപി അനുകൂലിയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Test User: