മുംബൈ: മതവികാരം വ്രണപ്പെടുത്തിയ പ്രതിയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ ഫേസ്ബുക്കിന്റെ മുംബൈ ഓഫീസില്‍ പൊലീസ് തെരച്ചില്‍ നടത്തി.
ഹിന്ദു ദേവതമാരെ ഫേസ്ബുക്കില്‍ മോശമായി ചിത്രീകരിച്ച സംഭവത്തില്‍ പ്രതിയുടെ വിശദാംശങ്ങള്‍ തേടി പൊലീസ് ഫേസ്ബുക്കിനെ സമീപിച്ചിരുന്നു. വിവരങ്ങള്‍ നല്‍കാതിരുന്നതോടെ കോടതി ഉത്തരവ് സമ്പാദിച്ചായിരുന്നു ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ഓഫീസില്‍ റെയ്ഡ് നടത്തിയത്. 48 മണിക്കൂറിനകം വിശദാംശങ്ങള്‍ നല്‍കാമെന്ന് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.
‘ജബ്ബാര്‍’ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നാണ് മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇത് ഫേസ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കപ്പെട്ടു. വര്‍ഗീയ കലാപ സാധ്യത ഉയര്‍ന്നതോടെയാണ് പൊലീസ് ഇടപെട്ടത്. രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതിനെതിരെയുള്ള 153-ാം വകുപ്പ്, മതവികാരം വ്രണപ്പെടുത്തുന്നതിനെതിരായ 295 എ വകുപ്പ് എന്നിവ പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്.