ന്യൂയോര്‍ക്ക്: നവംബറില്‍ നടക്കുന്ന അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിലും ഇന്ത്യയിലും ബ്രസീലിലും നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിലും ഇടപെടല്‍ തടയാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്ക് വിവര ചോര്‍ച്ച സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സി.എന്‍.എന്നിന് അനുവദിച്ച അഭിമുഖത്തിലാണ് ഫേസ്ബുക്ക് സ്ഥാപകന്‍ കൂടിയായ സക്കര്‍ബര്‍ഗിന്റെ പ്രതികരണം.
തന്റെ കമ്പനിക്കു പറ്റിയ തെറ്റിനു ക്ഷമാപണം നടത്തുന്നു. അഞ്ചു കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ സ്വകാര്യ ഡവലപര്‍മാരുടെ കൈവശം എത്തിയത് ഗുരുതരമായ വീഴ്ചയാണ്. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കും. ഫേസ്ബുക്ക് വിവരങ്ങള്‍ മറ്റുള്ളവരില്‍ എത്താത്ത വിധം സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ പ്രൊഫൈല്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് 2016ലെ യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഉപയോഗിച്ചുവെന്ന ലണ്ടന്‍ കേന്ദ്രമായ വിസില്‍ ബ്ലോവറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സക്കര്‍ബര്‍ഗിന്റെ പ്രതികരണം.
വിവാദ കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബന്ധമുണ്ടെന്ന് ഇരു പാര്‍ട്ടികളും പരസ്പരം ആരോപണം ഉന്നയിച്ചതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഫേസ്ബുക്ക് രഹസ്യചോര്‍ച്ച കോളിളക്കമുണ്ടാക്കിയിരുന്നു.