മുക്കം: കേരളത്തില്‍ ഇടത് മുന്നണിയും യു.ഡി.എഫും തമ്മില്‍ ടി.പി.ചന്ദ്രശേഖരന്‍ കൊലപാതക കേസുള്‍പ്പെടെവിവിധ അന്വേഷണങ്ങളില്‍ നടത്തിയ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് കിട്ടിയ അടിയാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ വിവരങ്ങളെന്ന തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി വി.ടി.ബല്‍റാം എം.എല്‍.എ.
ബല്‍റാമിനെ രമേശ് ചെന്നിത്തലയും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണ് നിലപാട് ഇക്കാര്യം പറഞ്ഞത്. താന്‍ ഉദ്ദേശിച്ചത് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നടക്കുന്ന ഒത്തുതീര്‍പ്പുകളെ കുറിച്ചാണന്ന് ബല്‍റാം പറഞ്ഞു. ടി.പി.കേസില്‍ പിണറായി വിജയന് പങ്കുണ്ടന്ന് ടി.പി.യുടെ ഭാര്യയും മകനും അച്ഛനുമുള്‍പ്പെടെ മൊഴി നല്‍കിയിട്ടും ഇതിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ ഈ കേസ് സി.ബി.ഐക്ക് വിട്ടങ്കിലും സി.ബി.ഐ കേസ് ഏറ്റെടുത്തിട്ടില്ല. ഇത് ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്.
ദേശിയ തലത്തില്‍ കോണ്‍ഗ്രസ് അമിത് ഷായുടെ മകനെതിരെയുള്ള വലിയ അഴിമതി ആരോപണങ്ങളുമായി രംഗത്ത് വന്ന സാഹചര്യത്തില്‍ ഇതിന് തടയിടാനാണ് സോളാര്‍ വിഷയം സി.പി.എം ബി.ജെ.പിക്ക് നല്‍കിയതെന്നും ബല്‍റാം പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് കോണ്‍ഗ്രസിനെ തകര്‍ത്ത് ബി.ജെ.പി.യെ മുഖ്യ പ്രതിപക്ഷമായി കൊണ്ടുവരാനുള്ള പിണറായിയുടെയും സി.പി.എമ്മിന്റെയുംനീക്കമാണന്നും വി.ടി.ബല്‍റാം പറഞ്ഞു.
എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരപന്തലിലെത്തിയതായിരുന്നു അദ്ധേഹം. പദ്ധതിപ്രദേശം സന്ദര്‍ശിച്ച ശേഷമാണ് ബല്‍റാം മടങ്ങിയത്. ഗെയില്‍ വാതക പൈപ്പ് ലൈന്‍ എന്ത് വില കൊടുത്തും നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളിയാണന്നും ബല്‍റാം പറഞ്ഞു.