കൊയിലാണ്ടി: ആലപ്പുഴ, തൃശൂര്‍ ജില്ലകളിലേക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ തോണികളുമായി കൊയിലാണ്ടിയിലെ മല്‍സ്യതൊഴിലാളികള്‍ പുറപ്പെട്ടു. മൂന്ന് വഞ്ചികളിലായി 18 ഓളം പേരാണ് ആവശ്യമായ സജ്ജീകരണങ്ങളുമായി പുറപ്പെട്ടത്. കഴിഞ്ഞ ദിവസം മൂടാടിയില്‍ നിന്നും, പുതിയാപ്പ, മാറാട് തുടങ്ങിയ തീരപ്രദേശങ്ങളില്‍ നിന്നും മല്‍സ്യതൊഴിലാളികള്‍ വിവിധ ജില്ലകളിലേക്ക് പോയിരുന്നു. റവന്യൂ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സഹായ പ്രവര്‍ത്തനത്തിനായി പുറപ്പെട്ടത്.
അതേസമയം കോഴിക്കോടു നിന്നും വയനാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്താമരശ്ശേരി ചുരത്തിലൂടെയുള്ള സര്‍വ്വീസാണ് ആരംഭിച്ചത്. വയനാട് നാലം മൈല്‍ വരെയാണ് സര്‍വ്വീസ്. വയനാട് പായോട് ഇപ്പോഴും വെള്ളത്തിലായതിനാല്‍ നാലാം മൈല്‍ വരെയെ ബസ് സര്‍വ്വീസുളളൂ. ബാക്കി ദൂരം തോണികളിലും മറ്റും കടത്തി വിടുന്നുണ്ട്. കോഴിക്കോട്കുറ്റിയാടിപക്രംതളം ചുരത്തിലൂടെയുമുള്ള യാത്ര പുനരാരംഭിച്ചിട്ടുണ്ട്. ഇതും നാലാം മൈല്‍ വരെയാണുള്ളത്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതോടെ കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. സംസ്ഥാനത്ത് ഞായറാഴ്ചയോടെ മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
പ്രളയബാധിത മേഖലകളില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുലര്‍ച്ചെയോടെ പുനരാരംഭിച്ചിരുന്നു. കര,നാവിക, വ്യോമസേനകള്‍, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ സംയുക്ത സംഘമാണ് സര്‍വ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിനുള്ളത്.