വാഷിങ്ടന്‍: പാക്കിസ്ഥാന് മുന്നറിയിപ്പുമായി യുഎസ്. ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അവയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ തന്ത്രങ്ങളില്‍ മാറ്റം വരുത്തുമെന്ന് സക്രട്ടറി ഓഫ് സ്‌റ്റേറ്റ് റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞതായി യുഎസ് വക്താവ് ഹെതര്‍ നൗര്‍ട്.
പാക്കിസ്ഥാന്‍ സ്വന്തം മണ്ണിലെ ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും തികച്ചും വ്യത്യസ്തമായ തരത്തില്‍ ലക്ഷ്യത്തിലേക്ക് എത്തുമെന്നും ഹെതര്‍ നൗര്‍ട് പറഞ്ഞു.
സ്വന്തം അതിര്‍ത്തിക്കുള്ളില്‍നിന്നുകൊണ്ട് ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുന്‍പു പലതവണ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാനെ ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ല. നിങ്ങള്‍ പരമാധികാര രാഷ്ട്രമാണ്. എന്താണു വേണ്ടതെന്ന് നിങ്ങള്‍ക്കു തീരുമാനിക്കാം. അത്യാവശ്യമെന്ന് ഞങ്ങള്‍ കരുതുന്ന കാര്യങ്ങളെന്തെന്നു നിങ്ങള്‍ മനസിലാക്കണം. നിങ്ങള്‍ക്ക് അതു ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ തന്ത്രങ്ങളില്‍ മാറ്റംവരുത്തി ഞങ്ങള്‍ അവ നേടിയെടുക്കുമെന്നും ടില്ലേഴ്‌സണ്‍ പറഞ്ഞു.
പാക്കിസ്ഥാനുമായി വളരെ തുറന്ന ചര്‍ച്ചയാണുണ്ടായത്. 80 ശതമാനത്തോളം സമയവും അവരെ കേള്‍ക്കുകയായിരുന്നു. ബാക്കി 20 ശതമാനം സമയം മാത്രമാണ് ഞങ്ങള്‍ സംസാരിച്ചതെന്നും ടില്ലേഴ്‌സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.