ലിസ്ബണ്‍: ലീപ്‌സിഷിന് എതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ വിജയത്തിന് ശേഷം ഷര്‍ട്ടൂരിയ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിനെ അടുത്ത കളിയില്‍ വിലക്കാന്‍ ആലോചന. യുവേഫ നിയമപ്രകാരം ഷര്‍ട്ടൂരുന്നത് കുറ്റകരമാണ്. ഈ സാഹചര്യത്തില്‍ നെയ്മര്‍ക്ക് ഫൈനല്‍ നഷ്ടമായേക്കുമെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലീപ്‌സിഷിന് എതിരെ ഏകപക്ഷീയമായ മൂന്നു ഗോളിനായിരുന്നു ഫ്രഞ്ച് വമ്പന്മാരുടെ ജയം. കളിക്ക് ശേഷം ലീപ്‌സിഷ് താരം മാര്‍സല്‍ ഹാല്‍സ്റ്റന്‍ ബര്‍ഗിനെ ആശ്ലേഷിച്ച താരം ജഴ്‌സി ഊരുകയായിരുന്നു. മാഴ്‌സല്‍ തിരിച്ചും ജഴ്‌സിയൂരി നല്‍കി.
യുവേഫ ഈ മാസം പുറത്തിറക്കിയ റിട്ടേണ്‍ ടു പ്ലേ പ്രൊട്ടോകോള്‍ നിയമപ്രകാരം കളിക്കാര്‍ അവരുടെ ഷര്‍ട്ടുകള്‍ പരസ്പരം ഊരി നല്‍കരുത്. ഇങ്ങനെ ഉണ്ടായാല്‍ യുവേഫ അച്ചടക്ക നിയന്ത്രങ്ങള്‍ അനുസരിച്ച് നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഇതു പ്രകാരം ഷര്‍ട്ട് കൈമാറിയവര്‍ 12 ദിവസത്തെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണം എന്നാണ് ദ സണ്‍ പറയുന്നത്.
ഞായറാഴ്ച രാത്രിയാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. ബുധനാഴ്ച രാത്രി നടക്കുന്ന ബയേണ്‍ മ്യൂണിക്ക്-ല്യോണ്‍ മത്സരത്തിലെ വിജയികളെയാണ് പി.എസ്.ജി നേരിടുക. ഈ മത്സരം നെയ്മര്‍ക്ക് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.