X
    Categories: indiaNews

രാജ്യത്തിന്റെ കണ്ണും കാതും കര്‍ണാടകയിലേക്ക്; എട്ടു മണി മുതല്‍ വോട്ടെണ്ണും

ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം. രാജ്യത്തിന്റെ കണ്ണും കാതും കര്‍ണാടകയിലേക്ക്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സജ്ജീരണങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഓരോ മണ്ഡലത്തിലേയും വോട്ടുകള്‍ ഓരോ കേന്ദ്രത്തില്‍ എന്ന ക്രമത്തിലാണ് എണ്ണുക.

224 നിയമസഭാ മണ്ഡലങ്ങള്‍ക്കായി അത്ര തന്നെ കൗണ്ടിങ് കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ കൗണ്ടിങ് കേന്ദ്രങ്ങളിലും 14 കൗണ്ടിങ് ടേബിളുകളാണ് സജ്ജീകരിക്കുക. ഒരു ടാബുലേഷന്‍ ടേബിളുമുണ്ടാകും. വിവിധ ടേബിളുകളില്‍ എണ്ണുന്ന വോട്ടുകള്‍ കൂട്ടിച്ചേര്‍ത്ത് കൃത്യമായ ഭൂരിപക്ഷം കണക്കാക്കു ടാബുലേഷന്‍ ടേബിളിലാകും. രാവിലെ കൃത്യം എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

ഏഴു മണിക്കു തന്നെ ഉദ്യോഗസ്ഥരോട് കൗണ്ടിങ് കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതീവ സുരക്ഷയില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് മെഷീനുകള്‍ അതത് മണ്ഡലത്തിലെ വരണാധികാരിയുടെ സാന്നിധ്യത്തിലാകും പുറത്തെടുക്കുക. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. ആദ്യ 10 മിനുട്ടില്‍ തന്നെ ഫലസൂചനകള്‍ വന്നു തുടങ്ങും. തുടര്‍ന്ന് ക്രമമനുസരിച്ച് ഇ.വി.എമ്മുകള്‍ എണ്ണിത്തിട്ടപ്പെടുത്തും. മുഴുവന്‍ ഇ.വി.എമ്മുകളും എണ്ണിത്തീര്‍ന്ന ശേഷം ഓരോ മണ്ഡലത്തിലും റാന്‍ഡം അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റ് രസീതുകള്‍ കൂടി എണ്ണിത്തിട്ടപ്പെടുത്തും.

ഇ.വി.എമ്മിലേയും വി.വി.പിറ്റ് രശീതിലേയും വോട്ടുകള്‍ തുല്യംചെയ്തു നോക്കി ക്രമക്കേട് നടന്നിട്ടില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമായിരിക്കും അന്തിമ ഫലപ്രഖ്യാപനം പുറത്തു വരിക. ആദ്യ മണിക്കൂറില്‍ തന്നെ സംസ്ഥാന രാഷ്ട്രീയം എങ്ങോട്ട് എന്നതിന്റെ സൂചനകള്‍ ലഭിക്കും. ഉച്ചയോടെ ഭരണം ആര്‍ക്ക് എന്നതു സംബന്ധിച്ച കൃത്യമായ ചിത്രം തെളിയും. അതേസമയം വി.വിപാറ്റ് എണ്ണാന്‍ താമസമെടുക്കുന്നതിനാല്‍ അന്തിമ ഫലപ്രഖ്യാപനം വൈകീട്ടോടെ മാത്രമേ പുറത്തുവരൂ. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് സമീപം സെക്ഷന്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

webdesk11: