അഷ്‌റഫ് തൈവളപ്പ്
കൊച്ചി: രണ്ടു സീസണുകള്‍ക്ക് ശേഷം ഇയാന്‍ ഹ്യൂമെന്ന കനേഡിയന്‍ താരം വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞകുപ്പായത്തിലെത്തുന്ന സന്തോഷത്തിലാണ് ആരാധകരെല്ലാം. മാനേജ്‌മെന്റിന്റെ സര്‍പ്രൈസായി വിലയിരുത്തപ്പെടുന്ന ഇയാന്‍ ഹ്യൂമെന്ന ഹ്യൂമേട്ടനെ ബ്ലാസ്റ്റേഴ്‌സില്‍ തിരികെ എത്തിക്കാനായി കരുക്കള്‍ നീക്കിയത് ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് ഫുട്‌ബോള്‍ ഏജന്റുമായ ബല്‍ജിത് റിഹാല്‍. ബല്‍ജിത് സി.ഇ.ഒ ആയി ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെന്റീവ് സ്‌പോര്‍ട്‌സും ടി.സി.എസ് ഏഷ്യയുമാണ് ഇയാന്‍ ഹ്യൂമിന്റെ സംയുക്ത ഏജന്റുമാര്‍. ഇന്നു രാവിലെ ബല്‍ജിത് തന്നെയാണ് ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്‌സിലെത്തിയ വിവരം ഫെയ്‌സ്ബുക്കിലൂടെ ആദ്യമായി പുറത്തു വിട്ടത്.
ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സില്‍ തിരികെ എത്തിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ചില ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് താന്‍ ഉറപ്പു നല്‍കിയിരുന്നുവെന്നും ഹ്യൂമുമായി കരാറായ വിവരം അഭിമാനത്തോടെ അറിയിക്കുന്നുവെന്നുമായിരുന്നു ബല്‍ജിതിന്റെ പോസ്റ്റ്. ഈ പോസ്റ്റിന് കീഴില്‍ ബല്‍ജിതിന് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നന്ദി പ്രകടനമാണ് ഇപ്പോള്‍. ഐ.എസ്.എല്‍ തുടക്കം മുതല്‍ ഇയാന്‍ ഹ്യൂമിന്റെ ഏജന്റായിരുന്നു ബല്‍ജിത്. ഇന്നലെ ഐ.എസ്.എല്‍ ഡ്രാഫ്റ്റിനിടെ മുംബൈയില്‍ വച്ച് ബല്‍ജിതുമായി കൂടിക്കാഴ്ച്ച നടത്തിയ വിവരം ഇയാന്‍ ഹ്യൂം ഫെയ്‌സ്ബുക്ക് വഴി അറിയിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സില്‍ തിരികെയെത്തുമെന്ന പരോക്ഷ സൂചനയും അദ്ദേഹം നല്‍കി. അവസാന നിമിഷങ്ങളിലാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നും ഹ്യൂം പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബല്‍ജിത് കഴിഞ്ഞ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് പ്രധാന താരങ്ങളെ എത്തിക്കുന്നതിലും ഗണ്യമായ പങ്ക് വഹിച്ചിരുന്നു. ഹ്യൂമിനെ കൂടാതെ സൗത്ത് ആഫ്രിക്കന്‍ താരം സമീഗ് ദ്യൂതി, ഇന്നലെ ഡ്രാഫ്റ്റില്‍ വിവിധ ടീമുകള്‍ തെരഞ്ഞെടുത്ത ഇന്ത്യന്‍ താരങ്ങലായ ലാലിയന്‍സുവാല ചാങ്‌തെ, സൈരുവാത് കീമ, ഗുര്‍പ്രീത് സിങ്, ജെറി മവിമിങ്താങ തുടങ്ങിയവരുടെയും ഏജന്റാണ് ബല്‍ജിത്. 2014ലും കഴിഞ്ഞ സീസണിലും കേരളത്തിന്റെ കുന്തമുനയായിരുന്നു ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ട് ഇത്തവണയും ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുമെന്ന സൂചനയും ബല്‍ജിത് നല്‍കുന്നുണ്ട്.